ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് നൽകാൻ കഴിയുന്ന ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണമാണ് മുലപ്പാൽ. കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിശക്തിക്കും സഹായകമാകുന്ന തരത്തിൽ പോഷങ്ങൾ ഉള്ള ഭക്ഷണം മുലപ്പാലിനോളം വേറെയില്ല. മുലയൂട്ടലിനെകുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലോകമെമ്പാടും ആഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആഘോഷിക്കുകയാണ്. ലോക ആരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശു ഷേമ സമിതിയുടെയും നേതൃത്വത്തിൽ ഒരു ലോക സഖ്യം (WABA) ഇതിനായി നിലവിലുണ്ട്.
മുലപ്പാൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മിക്ക അമ്മമാരും ജോലി ചെയ്യുന്നവരോ പഠനം തുടരുന്നവരോ ആണ്. ഈ സാഹചര്യത്തിൽ അവർക്ക് മുലയൂട്ടലിനും പ്രൊഫഷണൽ ലൈഫിനും ഇടയിൽ ഏറെ പണിപ്പെടേണ്ടി വരാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് 2023ലെ മുലയൂട്ടൽ വാര പ്രേമേയം മുന്നോട്ടു വെക്കുന്നത്. 'enabling breast feeding-make a difference for working parents' എന്ന മുദ്രാവാക്യം മുലയൂട്ടൽ തുടരുന്നതോടൊപ്പം തന്നെ ജോലിയിലും ശ്രദ്ധിക്കാൻ അമ്മമാർക്ക് കരുത്ത് പകരാൻ സമൂഹത്തിനോട് ആഹ്വാനം ചെയ്യുകയാണ്.
മുലയൂട്ടലും ജോലിയും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ അമ്മമാരെ പ്രാപ്തരാക്കാൻ സമൂഹത്തിന് എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കാം:
ശമ്പളത്തോടെയുള്ള അവധി നവജാതശിശുക്കളുടെ അമ്മമാർക്ക് വളരെ ആശ്വാസകരമായിരിക്കും. ആയതിനാൽ മുലയൂട്ടൽ തുടരാൻ അവർക്ക് ജോലി അവസാനിപ്പിക്കേണ്ടി വരില്ല. work from homeന് സാധ്യതയുണ്ടെങ്കിൽ അങ്ങനെ ഒരു അവസരവും അമ്മമാർക്ക് നൽകാം.
ജോലി സ്ഥലങ്ങളിലേക്ക് കുഞ്ഞിനെ കൂടെ കൊണ്ടുപോകാനും കൃത്യമായ ഇടവേളകളിൽ മുലപ്പാൽ നൽകാനുമുള്ള സാഹചര്യം സാധ്യമായ സ്ഥാപനങ്ങൾക്ക് അനുവദിക്കാവുന്നതാണ്. ഇങ്ങനെയുള്ള അവസരങ്ങൾ ഒന്നും ഇല്ലാത്ത അമ്മമാർ കുഞ്ഞിനെ വീടുകളിൽ തന്നെ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു പോകേണ്ടിവരുന്നു. അത്തരം സാഹചര്യങ്ങളിലും കുഞ്ഞിൽ നിന്ന് അകലെയായിരിക്കുമ്പോഴും കുഞ്ഞിന് മുലപ്പാൽ തന്നെ കൊടുക്കാൻ പറ്റുന്നുവെങ്കിൽ അത് എത്ര ഭാഗ്യമായിരിക്കും അല്ലേ?!
അതിനുള്ള അവസരമാണ് ബ്രസ്റ്റ് പമ്പിന്റെ ഉപയോഗം നമുക്ക് തരുന്നത്.
? ബ്രസ്റ്റ് പമ്പിങ് എപ്പോഴാണ് തുടങ്ങേണ്ടത്?
ജോലിക്ക് പോകുന്ന അമ്മമാർക്കും കുഞ്ഞിന്റെ അടുത്തില്ലാത്ത സമയങ്ങളിൽ പമ്പ് ചെയ്ത് പാൽ ശേഖരിച്ചു വെക്കാം. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് പാൽ ഉമ്പി കുടിക്കാൻ സാധിക്കാതെ വരുന്ന അവസരങ്ങളിലും ഇരട്ടക്കുട്ടികളുള്ള സാഹചര്യത്തിലും മുലയുട്ടൽ വേദനയുളവാക്കുന്ന സാഹചര്യങ്ങളിലും ബ്രസ്റ്റ് പമ്പ് ചെയ്ത ശേഖരിച്ചു പാൽ ഉപയോഗിക്കാം. അത് അവർക്ക് വളരെ ഉപകാരപ്പെടുന്നതായിരിക്കും.
? എപ്പോഴൊക്കെ പമ്പ് ചെയ്യാം?
കുഞ്ഞ് അകലെയായിരിക്കുന്ന സമയങ്ങളിൽ കുഞ്ഞിനെ മുലയൂട്ടുന്ന സമയം ആയാൽ ബ്രെസ്റ്റ് പമ്പ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ആവശ്യത്തിന് അനുസരിച്ച് മുലപ്പാൽ ഉത്പാദിപ്പിക്കാൻ അമ്മമാരുടെ ശരീരത്തെ ഓർമിപ്പിക്കാൻ ഇത് സഹായിക്കും. എസ്ക്ലൂസീവ് ആയി ബ്രസ്റ്റ് പമ്പിങ് മാത്രം ചെയ്യുന്നവർ ആണെങ്കിൽ കൃത്യമായ ഇടവേളകളിൽ ബ്രസ്റ്റ് പമ്പ് ചെയ്യാൻ ശ്രദ്ധിക്കുക.
?എത്ര അളവിൽ മുലപ്പാൽ പമ്പ് ചെയ്യണം?
ഓരോ കുഞ്ഞിനും ആവശ്യമുള്ള പാലിന്റെ അളവ് വ്യത്യസ്തമായിരിക്കും. കുഞ്ഞിന്റെ ആവശ്യത്തിനുള്ള അളവിൽ പമ്പ് ചെയ്തെടുക്കാം. പാലിന്റെ അളവ് അധികമാകാതിരിക്കാനും കുറഞ്ഞു പോകാതിരിക്കാനും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ fore milk, hind milk ബാലൻസ് ഉണ്ടാക്കൂ. fore milk, hind milk ശരിയായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ മുലപ്പാലിലൂടെ ആവശ്യമായ അളവിൽ പോഷകങ്ങൾ കുഞ്ഞിന് ലഭിക്കുകയുള്ളൂ.
?എങ്ങനെയാണ് പമ്പിങ് ഉപകരണങ്ങൾ വൃത്തിയാക്കേണ്ടത്?
പമ്പിങ് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ചൂടുവെള്ളത്തിൽ റിൻസ് ചെയ്തു ബാക്കിയുള്ള പാൽ കളഞ്ഞു നന്നായി വൃത്തിയാക്കി ഉപകരണങ്ങൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കിൽ കുട്ടിക്ക് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
? എങ്ങനെയാണ് പമ്പ് ചെയ്യേണ്ടത്?
ബാറ്ററി ഓപ്പറേറ്റഡ് പമ്പുകളും ഇലക്ട്രിക് പമ്പുകളും ബൾബ് സ്റ്റൈൽ പമ്പുകളും മാനുവൽ പമ്പുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോന്നിന്റെ വിലയും നിങ്ങളുടെ ആവശ്യകതയും അനുസരിച്ച് തിരഞ്ഞെടുക്കാം.
? എങ്ങനെയാണ് ബ്രെസ്റ്റ് പമ്പ് ചെയ്ത പാൽ സൂക്ഷിക്കേണ്ടത്?
മൂന്ന് രീതിയിൽ പമ്പ് ചെയ്തെടുത്ത മുലപ്പാൽ സൂക്ഷിക്കാവുന്നതാണ്- റൂം ടെമ്പറേച്ചറിലും ഫ്രിഡ്ജിലും ഫ്രീസറിലും. Room temperature ൽ സൂക്ഷിക്കുമ്പോൾ പാൽ കുപ്പി തണുപ്പുള്ള അന്തരീക്ഷത്തിലായിരിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ ടവൽ കൊണ്ട് മൂടിയിടുന്നത് ചൂട് കൂടാതിരിക്കാൻ സഹായിക്കും. ഇങ്ങനെ 6-8 മണിക്കൂർ വരെ സൂക്ഷിക്കാം.
ഇൻസുലേറ്റഡ് കൂളർ ബാഗിൽ മുലപ്പാൽ 24 മണിക്കൂർ വരെ സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിന്റെ ഉൾഭാഗത്തേക്ക് പാൽകുപ്പികൾ വെക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ 5 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്.
ഇനി ഫ്രീസറിൽ സൂക്ഷിക്കാൻ മൂന്നു രീതികൾ ഉണ്ട്. Single door ഫ്രിഡ്ജിന്റെ ഫ്രീസറിൽ രണ്ടാഴ്ച വരെ സൂക്ഷിക്കാം. Seperate door ഉള്ള ഫ്രീസർ കമ്പാർട്മെന്റ്ൽ 3-6 മാസം വരെ മുലപ്പാൽ സൂക്ഷിക്കാവുന്നതാണ്. ഡീപ് ഫ്രീസറിൽ ആണെങ്കിൽ 6-12 മാസം വരെ മുലപ്പാൽ സൂക്ഷിക്കാം.
? ശേഖരിച്ചു വെച്ച മുലപ്പാൽ എങ്ങനെ ഉപയോഗിക്കാം?
സൂക്ഷിച്ചു വെച്ച മുലപ്പാൽ നേരിട്ടോ ഓവനിലോ ചൂടാക്കാൻ പാടില്ല. ശേഖരിച്ച പാൽകുപ്പി ചൂട് വെള്ളത്തിൽ ഇട്ട് വെച്ച് സാധാരണ ചൂടിലേക്ക് കൊണ്ട് വരാം. 4-6 മണിക്കൂറിനുള്ളിൽ തന്നെ ഈ പാൽ ഉപയോഗിക്കേണ്ടതാണ്.
ഇത്രെയൊക്കെ സാധ്യത കളും ഉപയങ്ങളും നമുക്ക് മുമ്പിൽ ഉണ്ടാവുമ്പോൾ മുലയുട്ടാൻ വേണ്ടി ജോലി അവസാനിപ്പിക്കുകയോ ജോലിക്ക് വേണ്ടി മുലയുട്ടൽ നിർത്തുകയോ ചെയ്യരുത്. 2023 ലെ മുലയുട്ടൽ വാരത്തിന്റെ ഉദ്ദേശ്യo പൂർണമായും സാധ്യമാകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.