ആരോഗ്യമുള്ള ഒരു വ്യക്തിയുടെ നട്ടെല്ല് സ്വാഭാവികമായും നീണ്ടുനിവർന്ന രൂപത്തിലായിരിക്കും കാണപ്പെടുക. നേരിയ തോതിലുള്ള വളവുകൾ ചിലരിൽ കണ്ടേക്കാം. എന്നാൽ, അത് ദൈനംദിന ജീവിതത്തെ ബാധിക്കുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാറില്ല. അതേസമയം, നട്ടെല്ലിന് 10 ഡിഗ്രിയിലധികം വളവ് കാണപ്പെടുകയാണെങ്കിൽ അത് ചികിത്സ തേടേണ്ട അവസ്ഥയായി പരിഗണിക്കേണ്ടതുണ്ട്. വൈദ്യശാസ്ത്രം ഈ അവസ്ഥയെ ‘സ്കോളിയോസിസ്’ (Scoliosis) എന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ പിറക് ഭാഗത്തുനിന്ന് നോക്കുമ്പോൾ ‘സ്കോളിയോസിസ്’ ഉള്ള ഒരു വ്യക്തിക്ക് ഇംഗ്ലീഷ് അക്ഷരങ്ങളായ ‘S’ അല്ലെങ്കിൽ ‘C’ പോലെയുള്ള വളവാണ് കാണപ്പെടുക. ചിലരിൽ ഒന്നിലധികം വളവുകളും കണ്ടെത്താറുണ്ട്. ഈ അവസ്ഥ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുമെങ്കിലും കൗമാരക്കാരിലാണ് സാധാരണ കൂടുതലായി കണ്ടെത്തുന്നത്.
ആരോഗ്യ പ്രശ്നങ്ങളെ അപേക്ഷിച്ച് ‘സ്കോളിയോസിസ്’ സൃഷ്ടിക്കുന്ന പ്രധാന പ്രശ്നം ശാരീരിക സൗന്ദര്യവുമായി ബന്ധപ്പെട്ടതാണ്. അതാകട്ടെ ഒരേ നിരയിലല്ലാതെ കാണപ്പെടുന്ന തോളുകൾ, സ്ത്രീകളിലാണെങ്കിൽ താഴ്ന്നും ഉയർന്നും കാണുന്ന മാറിടങ്ങൾ, നടക്കുമ്പോഴുള്ള ചരിവ് തുടങ്ങിയവയാണ്. ശരീരത്തിന്റെ സൗന്ദര്യം വ്യക്തിത്വത്തെ സ്വാധീനിക്കുന്നതിനാൽ, സ്കോളിയോസിസ് പലരിലും കടുത്ത മാനസിക സമ്മർദത്തിനും വിഷാദത്തിനും അപകർഷബോധത്തിനും കാരണമാവും. എന്നാൽ, ഈ വളവ് 40-50 ഡിഗ്രിയിൽ അധികമാകുകയാണെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്.
1. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നു: നെഞ്ചിന്റെ പിൻഭാഗത്തുള്ള നട്ടെല്ലിലെ വളവുകൾ വാരിയെല്ലുകളുടെ സ്ഥാനംതെറ്റലിന് കാരണമാവുകയും തുടർന്ന് ശ്വാസകോശത്തിന് വികസിക്കാനുള്ള ഇടം കുറയുകയും ചെയ്യുന്നു. തുടർന്ന് അത് ശ്വസന ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇതിനെ ‘തൊറാസിക് ഇൻസഫിഷ്യൻസി സിൻഡ്രോം’ (Thoracic Insufficiency Syndrome –TIS) എന്നാണ് വിശേഷിപ്പിക്കുന്നത്.
2. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ: നട്ടെല്ലിനുണ്ടാവുന്ന വളവ് വാരിയെല്ലുകളുടെ ഘടനയെ ബാധിക്കുകയും ഹൃദയത്തിൽ കൂടുതൽ സമ്മർദമുണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയാതെ വരുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും ചെയ്യും. ഹൃദയത്തിന് ചുറ്റിലുമുള്ള ഭാഗത്തുണ്ടാവുന്ന സങ്കോചംമൂലം ചിലരിൽ നെഞ്ചുവേദനയും അനുഭവപ്പെടാം.
3. നാഡികളെ ബാധിക്കുമ്പോൾ: നട്ടെല്ലിന്റെ വളവുകൾ ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്കുള്ള ഞരമ്പുകളിൽ ഞെരുക്കമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഇതുമൂലം കാലുകളിലോ കൈകളിലോ മരവിപ്പ്, ബലഹീനത എന്നിവ അനുഭവപ്പെടാം. അപൂർവ സന്ദർഭങ്ങളിൽ, ഇത് ഗുരുതരമായ മറ്റ് ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചലനപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.
4. ശരീരവേദനകൾ: നട്ടെല്ലിന്റെ വളവ് മൂലമുണ്ടാവുന്ന ശരീരത്തിന്റെ അസന്തുലിതാവസ്ഥയും ഒരുഭാഗത്തേക്ക് സമ്മർദം സൃഷ്ടിച്ചുകൊണ്ടുള്ള നടപ്പും സ്ഥിരമായ നടുവേദന, കഴുത്ത് വേദന, തോളെല്ല് വേദന എന്നിവക്ക് കാരണമാകും. കൂടാതെ പേശികളിലും സന്ധികളിലും വേദന അനുഭവപ്പെടാം.
5. ദഹനസംബന്ധമായ പ്രശ്നങ്ങൾ: നട്ടെല്ലിനുണ്ടാവുന്ന ഈ അവസ്ഥമൂലം ചിലരിൽ വയറിനുള്ളിലെ അവയവങ്ങളെ ഞെരുക്കുകയും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
6. ശാരീരിക ക്ഷീണം: നട്ടെല്ലിന്റെ വളവ് സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കാരണം സദാസമയവും ശരീരം സന്തുലനാവസ്ഥ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും അതുവഴി കൂടുതൽ ഊർജം നഷ്ടമാവുകയും ശരീരത്തിന് ഇടക്കിടെ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. പ്രത്യേകിച്ച് ദീർഘനേരം നിൽക്കുകയോ നടക്കുകയോ ചെയ്യുമ്പോൾ.
പ്രാഥമികമായി ഒരു ശാരീരിക അവസ്ഥയാണെങ്കിലും സ്കോളിയോസിസ് സൃഷ്ടിക്കുന്ന മാനസിക ആഘാതം പരിഹരിക്കുക എന്നത് ചികിത്സാ പദ്ധതികളിൽ ഉൾപ്പെടുന്ന ഒരു വിഷയമാണ്.
സ്കോളിയോസിസിനുള്ള ചികിത്സ നട്ടെല്ലിന്റെ വളവിന്റെ തീവ്രത, വ്യക്തിയുടെ പ്രായം, രോഗത്തിന്റെ അടിസ്ഥാന കാരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ജന്മനാ ഉണ്ടാവുന്ന കൻജെനിറ്റൽ സ്കോളിയോസിസ് നേരത്തേതന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.
മിതമായ വളവുകളുള്ള (55 മുതൽ 45 ഡിഗ്രി വരെ) കൗമാരക്കാരിൽ, വൈകല്യം കണ്ടെത്തിയാലുടൻ സാധാരണയായി ബ്രേസിങ് (Bracing) എന്ന ചികിത്സാരീതിയാണ് നിർദേശിക്കുക. നിലവിലുള്ള അവസ്ഥ കൂടുതൽ രൂക്ഷമാവാതെ തടയാൻ ഇത് സഹായിക്കും. ഇതിന് പുറമെ പേശികൾക്ക് ശക്തി നൽകുന്ന വ്യായാമം പോലുള്ളതും ചികിത്സയുടെ ഭാഗമാണ്. അതേസമയം ഗുരുതരമായ അവസ്ഥകളിൽ (50 ഡിഗ്രിയിൽ കൂടുതലുള്ള വളവുകൾ) സ്പൈനൽ ഫ്യൂഷൻ സർജറിപോലുള്ള ശസ്ത്രക്രിയയാണ് പരിഹാരം. ശസ്ത്രക്രിയക്കു ശേഷം നട്ടെല്ല് നേരെയാക്കാനും ശരിയായ രൂപത്തിൽ നിലനിർത്താനും സ്റ്റീൽ കമ്പികളും സ്ക്രൂകളും ഉപയോഗിക്കാറുണ്ട്.മറ്റേതൊരു രോഗത്തെയും പോലെ സ്കോളിയോസിസും നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നത് സങ്കീർണതകൾ ഇല്ലാതാക്കാനും കൂടുതൽ ഫലപ്രാപ്തി നേടാനും സഹായിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളിൽ പതിവായി പരിശോധന (Screening) നടത്തുകവഴി ഇത് സാധ്യമാവും. ഇതിനായി സ്കോളിയോ മീറ്റർ (scoliometer) എന്ന ഉപകരണമാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്.
സ്കോളിയോസിസ് ഉള്ള മിക്കവർക്കും സാധാരണ ജീവിതം നയിക്കാനും എല്ലാതരം പ്രവർത്തനങ്ങളിലും ഏർപ്പെടാനും കഴിയും എന്നത് ആശ്വാസകരമാണ്. ആധുനിക വൈദ്യശാസ്ത്രരംഗത്തുണ്ടായിട്ടുള്ള കണ്ടെത്തലുകൾ ഈ അവസ്ഥയെ നല്ലൊരു പരിധിവരെ പരിഹരിക്കാൻ പര്യാപ്തമാണ്.
രോഗമുള്ള കുട്ടികൾക്കും സാധാരണ കാര്യങ്ങൾ ചെയ്യാനാവും. എന്നുമാത്രമല്ല അവരെ അത്തരം പ്രവർത്തനങ്ങളിൽനിന്ന് നിയന്ത്രിക്കേണ്ട ആവശ്യവുമില്ല. സ്കൂൾ ബാഗുകൾ പിറകിൽ തൂക്കിയിട്ട് നടക്കുന്നതാണ് ‘സ്കോളിയോസിസ്’ വരാൻ കാരണമെന്നൊരു ധാരണയും നമ്മുടെ സമൂഹത്തിലുണ്ട്. ഇതും തികച്ചും തെറ്റാണ്. കൂടാതെ പൊതുസമൂഹം ഭയപ്പെടുന്നതുപോലെ എല്ലാ സാഹചര്യങ്ങളിലും ശസ്ത്രക്രിയ ആവശ്യമായി വരാറില്ല. പലപ്പോഴും നേരത്തേയുള്ള കണ്ടെത്തലും ചികിത്സയും ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സഹായിക്കുമെന്നതും പ്രധാനമാണ്.
ഏറ്റവും കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ് ഇഡിയോപതിക് സ്കോളിയോസിസ്. ഏകദേശം 80 ശതമാനം പേരിൽ കാണപ്പെടുന്ന ഇത് സാധാരണയായി കൗമാരപ്രായത്തിലാണ് ശ്രദ്ധയിൽപെടുക. ഇതിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
സുഷുമ്നാ നാഡിയെ ബാധിക്കുന്ന അവസ്ഥയാണിത്. നട്ടെല്ലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പേശികൾ ദുർബലമാവുന്നതോടെ സെറിബ്രൽ പാൾസി, മസ്കുലർ ഡിസ്ട്രോഫി എന്നീ രോഗങ്ങളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ പ്രകടമാവുന്നു.
ഗർഭകാലത്ത് ഭ്രൂണത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ കശേരുക്കളിലുണ്ടാവുന്ന വൈകല്യം മൂലമാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ജനനസമയത്തുതന്നെ ഇത് കണ്ടെത്താനാവും. ആകൃതിയിൽ പ്രകടമായ വ്യത്യാസം കാണപ്പെടുകയും ചെയ്യും.
നട്ടെല്ലിന്റെ ഒരുവശത്തെ വളവിന്റെ രൂപത്തിൽ കാണുന്ന ഇത് ഒരു അടിസ്ഥാനപരമായി ഒരു ജനിതക പ്രശ്നമാണ്. ‘മാർഫൻ സിൻഡ്രോം’ (Marfan syndrome) പോലുള്ള അവസ്ഥകളും ഇതിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.