കോട്ടയം: ശബരിമല തീർഥാടനം ആരംഭിച്ചിട്ടും ജില്ല ജനറൽ ആശുപത്രിയിൽ ആംബുലൻസ് സൗകര്യം ഒരുക്കിയില്ല. ഒറ്റ ആംബുലൻസിലാണ് ആശുപത്രിയുടെ ഓട്ടം. ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ ചോദിക്കുന്ന തുകനൽകി പുറത്തുനിന്ന് വാഹനങ്ങളെ ആശ്രയിക്കുകയാണ് സാധാരണക്കാർ അടക്കമുള്ളവർ. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അപകടം നടന്നാൽ ആദ്യമെത്തിക്കുന്നത് ജില്ല ആശുപത്രിയിലാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളജിലേക്ക് അയക്കും. ഒന്നിലേറെപേരെ ഇത്തരത്തിൽ മാറ്റണമെങ്കിൽ ഇവിടെ ആംബുലൻസ് ഇല്ല. വി.വി.ഐ.പികൾ ജില്ലയിലെത്തുമ്പോൾ മിക്കവാറും ആംബുലൻസ് നൽകാൻ നറുക്കുവീഴുന്നതും ജില്ല ആശുപത്രിക്കാണ്. വാഹനം വിട്ടുകൊടുത്താൽ പിന്നെ അതു മടങ്ങിവരുംവരെ കാത്തിരിക്കണം.
അത്യാസന്ന നിലയിലുള്ള രോഗികളുമായി കാത്തിരിക്കാനാവാത്തതിനാൽ ബന്ധുക്കൾ പുറത്തെ വാഹനങ്ങൾ വിളിക്കും. മെഡിക്കൽ കോളജിലേക്ക് ആശുപത്രി ആംബുലൻസ് വിളിക്കുമ്പോൾ 270 രൂപയാണ് നൽകേണ്ടത്. എസ്.സി, എസ്.ടി. വിഭാഗങ്ങൾക്ക് സൗജന്യവുമാണ്. എന്നാൽ പുറത്തുനിന്നാവുമ്പോൾ അവർ ചോദിക്കുന്ന തുക നൽകണം. 108 ആംബുലൻസുകൾ ഉണ്ടെങ്കിലും അവയുടെ സേവനം എപ്പോഴും ആശുപത്രിക്കു ലഭ്യമാവണമെന്നില്ല.
നേരത്തെ മൂന്ന് ആംബുലൻസുകൾ ഇവിടെ ഉണ്ടായിരുന്നു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് നിയമം വന്നതോടെ ആംബുലൻസുകളെല്ലാം കട്ടപ്പുറത്തായി. ജോസ് കെ. മാണി എം.പി നൽകിയ ഒറ്റ ആംബുലൻസ് ആണ് ഇപ്പോഴുള്ളത്. മൂന്ന് ആംബുലൻസുകൾ ഉണ്ടെങ്കിലേ കാര്യങ്ങൾ സുഗമമാകൂ.
സ്വകാര്യ ആംബുലൻസുകളെ സഹായിക്കാനാണ് ആശുപത്രിയിൽ ആംബുലൻസുകൾ അനുവദിക്കാത്തതെന്ന് വ്യാപക ആക്ഷേപം ഉണ്ട്. മണ്ഡലകാലം തുടങ്ങിയതോടെ ജില്ലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് കണക്കിലെടുത്തെങ്കിലും കൂടുതൽ ആംബുലൻസുകൾ അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.