മാനന്തവാടി: ദക്ഷിേണന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാൽ കൊളങ്ങോട് മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന്റെ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആരംഭിച്ച ദൗത്യം 18 മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. ഞായറാഴ്ച കുഴിയെടുക്കാൻ കൂടുതൽ സമയം വേണ്ടിവന്നതാണ് നടപടി വൈകാൻ കാരണം. പന്നികളുടെ ജഡം മറവ് ചെയ്യാൻ ഫാമിന് സമീപത്ത് തന്നെയാണ് 30 അടി നീളത്തിലും 20 അടി വീതിയിലും 20 അടി താഴ്ചയിലും കുഴി നിർമിച്ചത്. കുഴി കുഴിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ച മൂന്നിന് തുടങ്ങിയെങ്കിലും രാത്രി ഒമ്പ തോടെയാണ് അവസാനിച്ചത്. കുഴി പൂർത്തിയാക്കിയ ശേഷം രാത്രി പത്തോടെയാണ് പന്നികളെ കൊന്നുതുടങ്ങിയത്. ഇത് തിങ്കളാഴ്ച രാവിലെ അഞ്ചുവരെ നീണ്ടു. ഈ സമയത്തിനുള്ളിൽ 190 പന്നികളെ കൊന്നു. തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് വീണ്ടും പന്നികളെ കൊന്നു തുടങ്ങിയത്. രാത്രി ഒമ്പത് മണിയോടെ 350 പന്നികളെയും കൊന്ന് സംഘം മടങ്ങി.
ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് മയക്കിയ ശേഷം ഞരമ്പ് മുറിച്ച് ചോര വാർത്തൊഴുക്കി കൊല്ലുന്ന 'ഹ്യുമേൻ കില്ലിങ്' സംവിധാനമാണ് സ്വീകരിച്ചത്. ഈ രീതിയിലൂടെ ആറു മുതൽ പത്ത് സെക്കന്റ് വരെയുള്ള സമയത്തിനകം പന്നികൾ ചത്തുവീണു. ഫോട്ടോ എടുക്കൽ, തൂക്കിനോക്കി ഭാരം നിശ്ചയിക്കൽ എന്നിവ കൂടിയുള്ളതിനാലാണ് സമയം പിന്നെയും വൈകിയത്. മറ്റു സംസ്ഥാനങ്ങളിൽ ഈ രീതി അവലംബിച്ചപ്പോൾ ഏകദേശം 80 മുതൽ 90 വരെ പന്നികളെയാണ് ഒരുദിവസം കൊന്നിരുന്നത്. ഇതപേക്ഷിച്ച് വളരെ വേഗത്തിലാണ് വയനാട്ടിലെ നടപടി ക്രമങ്ങൾ പൂർത്തിയായത്.
കാട്ടിക്കുളം വെറ്ററിനറി സർജൻ ഡോ. വി. ജയേഷ്, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. കെ. ജവഹർ എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. ഫാമിന്റെ ഒരു കിലോമീറ്റർ പരിധിയിൽ ഇവർക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. 24 മണിക്കൂർ ഇവിടെ ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് സംഘം മടങ്ങുക. ദൗത്യത്തിന് ശേഷം ഫാമും പരിസരവും അഗ്നിശമന സേന അണുവിമുക്തമാക്കി. മാനന്തവാടി കണിയാരം വലിയകണ്ടിക്കുന്ന് കൊളവയൽ ജിനി ഷാജിയുടെ ഫാമിലുള്ള 43 പന്നികളും ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ ഫാമിന് ഒരുകിലോമീറ്റർ പരിധിയിലുള്ള അഞ്ച് ഫാമുകളിലെ 325 പന്നികളെ കൂടി കൊല്ലാൻ തീരുമാനിച്ചിരുന്നു. ജിയോടാഗ് സംവിധാനം ഉപയോഗിച്ച് അളന്നപ്പോൾ സമീപത്തുള്ള ഫാമുകളുടെ എണ്ണം കുറഞ്ഞു. നിലവിൽ മാനന്തവാടിയിലെ 80 പന്നികളെ കൊല്ലാനാണ് തീരുമാനം. ഇതും രണ്ടു ദിവസത്തിനകം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.