നമ്മുടെ ഡയറ്റിൽ പ്രോട്ടീന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് പഠിപ്പിച്ചതിൽ സോഷ്യൽ മീഡിയക്കും അതിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കും ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ, ഇത്തരം ഇൻഫ്ലുവൻസർമാർ പലരും മുന്നോട്ടുവെക്കുന്ന അത്ര പ്രോട്ടീൻ ഒരു സാധാരണ മനുഷ്യൻ കഴിക്കേണ്ടതുണ്ടോ? വളർച്ചക്കും മസിലുകൾ നിലനിർത്താനും കേടുപാട് തീർക്കാനും പ്രോട്ടീൻ ഏറ്റവും ആവശ്യമുള്ളതാണ്.
അതേസമയം, പ്രോട്ടീൻ സപ്ലിമെന്റ് അടക്കം നിർദേശിക്കുന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തിൽ പെടേണ്ടതില്ലെന്നാണ് യു.കെയിലെ ലോബറോ സർവകലാശാല പെർഫോമൻസ് ന്യൂട്രീഷ്യനിസ്റ്റ് ബെഥൻ ക്രൗസ് അഭിപ്രായപ്പെടുന്നത്. യു.കെ മാനദണ്ഡപ്രകാരം ഒരാളുടെ ശരീരഭാരത്തിൽ ഒരു കിലോഗ്രാമിന് 0.75 ഗ്രാം ആണ് പ്രോട്ടീൻ വേണ്ടത്.
അതായത് 65 കിലോ ഭാരമുള്ള വ്യക്തി ഒരു ചിക്കൻ ബ്രെസ്റ്റും 200 ഗ്രാം ഗ്രീക്ക് യോഗർട്ടും ഒരു മുട്ടയും കഴിച്ചാൽ അന്നത്തെ പ്രോട്ടീൻ ആയി എന്നർഥം. മസിൽ ബിൽഡ് ചെയ്യാൻ ശ്രമിക്കുന്നയാളാണെങ്കിൽ കിലോഗ്രാമിന് 1.82 ഗ്രാം പ്രോട്ടീൻ ആവശ്യമാണെന്നും ബെഥൻ പറയുന്നു.
എന്നാൽ, ബ്രിട്ടീഷുകാർ ആവശ്യത്തിലും അധികമാണ് പ്രോട്ടീൻ കഴിക്കുന്നതെന്ന് ബ്രിട്ടനിലെ നാഷനൽ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ സർവേ പറയുന്നു. പുരുഷന്മാർ ശരാശരി 85 ഗ്രാമും സ്ത്രീകൾ 67 ഗ്രാമും പ്രോട്ടീൻ കഴിക്കുന്നുണ്ട്. അതേസമയം, ഐക്യരാഷ്ട്രസഭ നിർദേശിക്കുന്ന അളവ് കിലോക്ക് 0.8 ഗ്രാം ആണ്. അതായത് 65 കിലോ ഭാരമുള്ളയാൾക്ക് ദിവസം 52 ഗ്രാം മതിയാകും.
അരിയും ഗോതമ്പും റാഗിയുമെല്ലാം മൂന്നുനേരം കഴിച്ച് കാർബോഹൈഡ്രേറ്റിന്റെ അളവു കൂട്ടുന്ന നമ്മൾ ഇന്ത്യക്കാർ ശരാശരി എത്ര പ്രോട്ടീൻ കഴിക്കും? കിലോഗ്രാമിന് 0.6 ഗ്രാം ആണ് ഇന്ത്യക്കാരൻ കഴിക്കുന്ന ശരാശരി പ്രോട്ടീൻ അളവ്. ഇത് യു.എൻ നിർദേശത്തിലും കുറവാണ്.
എന്നാൽ, 0.83 ഗ്രാം എങ്കിലും കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദേശിക്കുന്നത്. ധാന്യഭക്ഷണം മുഖ്യമായതിനാൽ നമ്മുടെ ഡയറ്റിൽ ‘കാർബ്’ സ്വാഭാവികമായും കൂടുതലാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കാർ പ്രോട്ടീൻ അളവ് കൂട്ടണം.മെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രോട്ടീൻ കൂടുതൽ കഴിക്കുന്നത് വലിയ ദോഷമൊന്നുമല്ലെങ്കിലും ഈയൊരു ന്യൂട്രിയന്റിൽ മാത്രം കേന്ദ്രീകരിച്ച് ഭക്ഷണക്രമം തയാറാക്കുമ്പോൾ, പച്ചക്കറികളിൽനിന്നും പഴങ്ങളിൽനിന്നുമുള്ള ഫൈബർ, ആന്റി ഓക്സിഡന്റ്, വൈറ്റമിൻസ്, മിനറൽ തുടങ്ങിയവ വിസ്മരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ബെഥൻ മുന്നറിയിപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.