റിയാദ്: ആശുപത്രികളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്ക മരണം സംഭവിച്ച മൂന്നു രോഗികളിൽനിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികൾക്ക് പുതുജീവൻ നൽകി. റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രി, അബൂദബി ക്ലെവ്ലാൻഡ് ക്ലിനിക് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്ക മരണം സംഭവിച്ച മൂന്നു പേരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ സമ്മതം നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സംഘം വിജയിക്കുകയായിരുന്നു.
രോഗികളിൽനിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികളിൽ വിജയകരമായി മാറ്റിവെച്ചു. 13കാരിയിലും 22 വയസ്സുള്ള സൗദി യുവാവിലും 48 വയസ്സുള്ള സൗദി വനിതയിലും ഹൃദയങ്ങൾ മാറ്റിവെച്ചു. നാലു വയസ്സുകാരിയിലും 18 വയസ്സുള്ള സൗദി യുവതിയിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.
51 വയസ്സുള്ള സൗദി പൗരന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. 31 വയസ്സുള്ള സൗദി യുവാവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും 32 വയസ്സുള്ള സൗദി യുവതിക്ക് വൃക്ക, പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.
മെഡിക്കൽ മുൻഗണന പ്രകാരം നീതിപൂർവമായി അവയവ വിതരണം ഉറപ്പാക്കുന്ന നിലക്ക് മെഡിക്കൽ നൈതികതക്ക് അനുസൃതമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തേണ്ട രോഗികളെ നിർണയിച്ചതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ആശുപത്രികളും വകുപ്പുകളും നന്നായി സഹകരിച്ചതിന്റെ ഫലമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായതെന്നും ഡോ. ത്വലാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.