ന്യൂഡൽഹി: കൃത്രിമ ഗർഭധാരണ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ക്ലിനിക്കുകളെ നിയന്ത്രിക്കാനും ഈ രംഗത്തെ അധാർമിക പ്രവർത്തനങ്ങൾ തടയാനും ലക്ഷ്യമിടുന്ന ബിൽ ലോക്സഭ പാസാക്കി. ക്ലിനിക്കുകൾക്കും അണ്ഡ, ബീജ ബാങ്കുകൾക്കും ഡോക്ടർമാർക്കുമായി ദേശീയ രജിസ്ട്രി കൊണ്ടുവരുന്നതടക്കം നിരവധി നിർദേശങ്ങൾ ബില്ലിലുണ്ട്. വഴിവിട്ട രീതികൾക്ക് 12 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും വിധിക്കാം.
ഒരു വർഷം മുമ്പ് സർക്കാർ കൊണ്ടുവന്ന കൃത്രിമ പ്രത്യുൽപാദന സാങ്കേതികവിദ്യ നിയന്ത്രണ ബിൽ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടിരുന്നു. സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചതാണ് ബിൽ. ക്ലിനിക്കുകൾക്കും മറ്റുമായി ദേശീയ തലത്തിൽ രജിസ്ട്രേഷൻ അതോറിട്ടി കൊണ്ടുവരുമെന്ന് ചർച്ച ഉപസംഹരിച്ച ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
നിയന്ത്രണമോ ധാർമികതയോ ഇല്ലാതെയാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്നും 80 ശതമാനം സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കുട്ടിക്കു വേണ്ടി ഭീമമായ ചെലവ് താങ്ങാൻ കഴിയാത്ത പാവപ്പെട്ടവർക്ക് ഈ പ്രക്രിയയുടെ ഗുണഭോക്താക്കളാകാൻ സാധിക്കില്ലെന്നിരിക്കേ, ആഗ്രഹമുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച കോൺഗ്രസിലെ കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വാടക ഗർഭപാത്രം, ഗർഭഛിദ്രം, കൃത്രിമ ഗർഭധാരണം എന്നീ കാര്യങ്ങൾക്ക് മൂന്നു വ്യത്യസ്ത നിയമനിർമാണങ്ങളാണ് നടക്കുന്നതെന്നും ഇവ ഏകോപിപ്പിക്കുന്ന സമഗ്ര നിയമമാണ് വേണ്ടതെന്നും ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. അദ്ദേഹം മുന്നോട്ടുവെച്ച 20 ഭേദഗതി നിർദേശങ്ങൾ സർക്കാർ തള്ളി.
അണ്ഡവും ബീജവും നൽകുന്നവരുടെ യോഗ്യത, എത്ര തവണ ഇങ്ങനെ നൽകാം എന്നിവക്ക് മാർഗനിർദേശം കൊണ്ടുവരും. സുരക്ഷിതമായി സ്വീകരിച്ചു സൂക്ഷിക്കാൻ സ്ഥാപനങ്ങൾക്ക് അംഗീകാരം വേണം. ബീജം ശേഖരിക്കുന്നത് 21 മുതൽ 55 വയസ്സു വരെയുള്ളവരിൽനിന്ന്. 23 മുതൽ 35 വരെയുള്ള വനിതകൾക്ക് അണ്ഡം ദാനം ചെയ്യാം. വിവാഹിതയും ചുരുങ്ങിയത് ഒരു കുട്ടിയുടെ മാതാവുമായിരിക്കണം. പരമാവധി ഏഴു ശ്രമങ്ങളിലൂടെ, അണ്ഡദാനം ഒരിക്കൽ മാത്രം.
സേവനം നൽകുന്ന സ്ത്രീക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. കൃത്രിമ ഗർഭധാരണ നടപടികൾക്ക് ദമ്പതികൾക്കൊപ്പം ദാതാവിെൻറയും രേഖാമൂലമായ സമ്മതം നിർബന്ധം. ഗർഭാവസ്ഥയിൽ കുഞ്ഞിെൻറ ലിംഗനിർണയം പാടില്ല. ജനിക്കുന്ന കുഞ്ഞിനെ സാധാരണ പ്രസവത്തിലെ കുട്ടികളെപ്പോലെ പരിഗണിച്ച് തുല്യാവകാശങ്ങൾ നൽകണം. ഈ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതും വിൽക്കുന്നതും ബീജം ഇറക്കുമതി ചെയ്യുന്നതും അത് മൃഗങ്ങളിൽ നിക്ഷേപിക്കുന്നതും കുറ്റകരം.
കൃത്രിമ ഗര്‍ഭധാരണ ക്ലിനിക്കുകൾക്കും ബീജ, അണ്ഡ ബാങ്കുകൾക്കും ദേശീയ രജിസ്ട്രി, ദേശീയ രജിസ്ട്രേഷൻ അതോറിട്ടി. രജിസ്ട്രേഷന് സംസ്ഥാനതല അതോറിട്ടി. അടിസ്ഥാന സൗകര്യം, പരിശീലനം നേടിയ പ്രഫഷനലുകൾ, സജ്ജീകരണങ്ങൾ എന്നിവ തൃപ്തികരമെങ്കിൽ മാത്രം അംഗീകാരം. ചട്ടം ലംഘിച്ചാൽ രജിസ്ട്രേഷൻ നഷ്ടമാകും. ക്ലിനിക്, ബാങ്ക് പ്രവർത്തന നിയന്ത്രണത്തിന് ദേശീയ, സംസ്ഥാന ബോർഡുകൾ.
നിയമവ്യവസ്ഥകളുടെ ലംഘനത്തിന് ആദ്യം അഞ്ചു ലക്ഷം മുതൽ 12 ലക്ഷം വരെ പിഴ. വീണ്ടും നിയമം ലംഘിച്ചാൽ എട്ടു മുതല്‍ 12 വര്‍ഷം വരെ തടവ്; 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ പിഴ. ഈ നിയമത്തിനു കീഴിൽ കേസ് പരിഗണിക്കുന്നതിന് കോടതികൾക്ക് പരാതി കിട്ടേണ്ടത് ദേശീയ, സംസ്ഥാന ബോര്ഡുകളിൽനിന്നോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നോ ആയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.