ന്യൂഡൽഹി: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതക്കും തയാറെടുപ്പിനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പനി, ശ്വാസകോശ അണുബാധ എന്നീ ലക്ഷണങ്ങൾ കൂടുതലായി കാണുന്ന പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ അവലോകന യോഗത്തിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
പരിശോധന കൂട്ടണം. ജനിതക ശ്രേണീകരണം നടത്തണം. ആശുപത്രികളെ സജ്ജമാക്കണം. സാമൂഹിക അകലം സംബന്ധിച്ച ബോധവത്കരണം വേണം. ആശുപത്രികളിൽ ഈ മാസം 10, 11 തീയതികളിൽ തയാറെടുപ്പുകൾ പരിശോധിക്കാൻ മോക്ഡ്രിൽ നടത്തണം. ശനി, ഞായർ ദിവസങ്ങളിലായി ജില്ലാതല യോഗം വിളിക്കണം.
ഒമിക്രോൺ വകഭേദങ്ങളാണ് വ്യാപനത്തോത് ഉയർത്തുന്നത്. ഗുരുതരാവസ്ഥക്ക് സാധ്യതയില്ല. ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ വർധനവൊന്നുമില്ല. അതേസമയം, സാമ്പിൾ പരിശോധനയുടെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ താഴെയാണ് 23 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളെന്ന കാര്യം കണക്കിലെടുക്കണം. കോവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നതാണ് നിലവിലെ സാഹചര്യം.10 ശതമാനത്തിൽ കൂടുതൽ രോഗസ്ഥിരീകരണ നിരക്കുമായി 10ലേറെ ജില്ലകളുള്ള എട്ടു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മഹാരാഷ്ട്ര, ഡൽഹി എന്നിവയും ഈ ഗണത്തിലാണ്. അഞ്ചു ശതമാനം രോഗസ്ഥിരീകരണ നിരക്കുള്ള അഞ്ചു ജില്ലകളെങ്കിലും കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ട്.
203 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്കാണ് വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത് -3.39 ശതമാനം. പുതിയ കോവിഡ് ബാധിതർ 6,050. നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 28,303. ഭീതിയല്ല, ജാഗ്രതയാണ് വേണ്ടതെന്നും 2021ലെ ഡൽറ്റ വ്യാപനം പോലൊരു സ്ഥിതി ഉണ്ടാകില്ലെന്നും ഇതിനിടെ, വിദഗ്ധർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.