ശരീരം ‘ഡീടോക്സിഫൈ’ ചെയ്യാൻ ധാരാളം വെള്ളം കുടിക്കണമെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ, അതേ വെള്ളം കുടി ഒരാളെ മരണത്തിന്റെ വക്കിലെത്തിച്ചാലോ. മനുഷ്യജീവിതത്തിന്റെ ആധാരമായ വെള്ളം കുടി അപകടം സൃഷ്ടിച്ച കഥ, സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോ. സുധീർ കുമാറാണ് ‘എക്സി’ൽ വിവരിച്ചത്. ശരീരാരോഗ്യവും പ്രസന്നതയും നിലനിർത്താൻ മുംബൈയിലെ നാൽപതുകാരി ഒരു ദിവസം രാവിലെ നാലു ലിറ്റർ വെള്ളം കുടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായെന്നാണ് അദ്ദേഹം പറയുന്നത്.
എഴുന്നേറ്റയുടൻ വെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുമെന്നും ചർമം തിളങ്ങുമെന്നുമുള്ള ഉപദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്തത്. എഴുന്നേറ്റയുടൻ നാലു ലിറ്ററാണ് ഇവർ കുടിച്ചത്. ഇതോടെ ഒരു മണിക്കൂറിനകം കടുത്ത തലവേദന വന്നു. പിന്നാലെ കടുത്ത ക്ഷീണവും. ഛർദിക്കുകയും ചെയ്തു. തൊട്ടുപിറകെ ബോധരഹിതയായി -ഡോക്ടർ പറയുന്നു.
നാൽപതുകാരിയുടെ സോഡിയം അളവ് 110 ആയി കുറഞ്ഞു. 135-145 ആണ് സാധാരണ വേണ്ടത്. സോഡിയം അസന്തുലിതത്വം അഥവാ ഹൈപ്പർനട്രീമിയ കാരണം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആരോഗ്യനില മൂന്നുദിവസം കൊണ്ടാണ് വീണ്ടെടുത്തത്.
രണ്ടു മുതൽ മൂന്നു വരെ ലിറ്റർ
ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തരുടെയും ശരീര, ജീവിത രീതിയനുസരിച്ച് വെള്ളം കുടി വ്യത്യാസപ്പെട്ടിരിക്കും. വെള്ളത്തിനായി ശരീരത്തിന്റെ ഏറ്റവും പ്രധാന സിഗ്നലാണല്ലോ ദാഹം. തെളിഞ്ഞതോ ഇളംമഞ്ഞയോ ആയ മൂത്രം ശരീരത്തിൽ മതിയായ ജലമുണ്ട് എന്നതിന്റെ തെളിവാണ്. കടുംമഞ്ഞ നിർജലീകരണത്തിന്റെ ലക്ഷണവും. വെള്ളമാണെങ്കിലും ഒറ്റയടിക്ക് ലിറ്റർ കണക്കിന് അകത്താക്കാതെ സന്തുലിതമായി വേണം കുടിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.