നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്.
നാവിഗേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതാണ് ഇക്കൂട്ടരിൽ അൽഷൈമേഴ്സ് രോഗ സാധ്യത കുറയ്ക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ജോലികൾ ചെയ്യുമ്പോൾ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗം കൂടുതല്‍ പ്രവര്‍ത്തനക്ഷമാക്കുന്നു. അൽഷിമേഴ്സ് ആദ്യഘട്ടത്തില്‍ പ്രധാനമായും ബാധിക്കുന്നതും ഈ ഭാഗത്തേയാണ്.
2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ മരണപ്പെട്ട 90 ലക്ഷം പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഏകദേശം 443 ഓളം ജോലികള്‍ ചെയ്തിരുന്നവർ ഇതിൽ ഉൾപ്പെടുന്നു. ഇതില്‍ 3.88% പേരുടെ മരണം അൽഷൈമേഴ്സ് രോഗം ബാധിച്ചവരാണ്. അതായത് ഏകദേശം 3,48000 പേര്‍. ടാക്‌സി ഡ്രൈവര്‍മാരില്‍ 1.03% പേരും ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ 0.74% പേരുമാണ് അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെട്ടതെന്ന് പഠനത്തിൽ പറയുന്നു.
എന്നാൽ ഒരേ റൂട്ടുകളിലൂടെ ദിവസേന യാത്ര ചെയ്യുന്ന ബസ് ഡ്രൈവിങ്, പൈലറ്റിങ് ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ സമാനമായ സാധ്യത കണ്ടെത്തിയിട്ടില്ല. ദിവസേന സ്‌പേഷ്യല്‍, നാവിഗേഷന്‍ സ്‌കില്ലുകള്‍ പ്രയോജനപ്പെടുത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നത് അൽഷൈമേഴ്സ് സാധ്യത കുറക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.വിശാല്‍ പട്ടേല്‍ പറയുന്നു. ഇത്തരം ജോലികള്‍ അൽഷൈമേഴ്സ് തടയുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നില്ല. ദിവസേന മെന്റല്‍ ആക്ടിവിറ്റികള്‍ ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് മാത്രമാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.