ആശങ്കയായി വീണ്ടും കോവിഡ്; ഇന്നലെ 765 പേർക്ക്​ രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. വ്യാഴാഴ്ച 765 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍. ജനിതക പരിശോധനക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയത്. ജനിതക പരിശോധന വര്‍ധിപ്പിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാൻ എല്ലാ ജില്ലകളും തയാറാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആർ.സി.സി, എം.സി.സി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്കായി പ്രത്യേക കിടക്കകള്‍ മാറ്റിവെക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധന കിറ്റുകള്‍, സുരക്ഷ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണം. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണം.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ഒരു മാസത്തിനിടെയുണ്ടായ 20 കോവിഡ് മരണത്തില്‍ 60 വയസ്സിന് മുകളിലുള്ളവരാണ് അധികവും. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Covid is a concern again; Yesterday, 765 people were diagnosed with the disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.