രണ്ടു വർഷത്തോളം ലോകവ്യാപകമായുള്ള ആളുകളെ വീട്ടിലിരുത്തിയ കോവിഡ് 19 ഇനി മുതൽ ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
2019 ഡിസംബറിൽ ചൈനയിലെ വൂഹാനിലാണ് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. വലിയ ആശങ്കയോടെയാണ് അന്ന് ലോകം ആ വാർത്ത കേട്ടത്. 2020 ജനുവരി അവസാനമായപ്പോഴേക്കും 19 രാജ്യങ്ങളിലായി 10,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർന്നങ്ങോട്ട് വൈറസിന്റെ താണ്ഡവത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. ലക്ഷങ്ങൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു. അതോടെ ഡബ്ല്യു.എച്ച്.ഒ കോവിഡിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
കോവിഡ് ചെറുക്കാൻ വാക്സിൻ അടക്കമുള്ളവ വികസിപ്പിച്ചു. രോഗം പടരാതിരിക്കാൻ പ്രത്യേക നിർദേശങ്ങളും മാർഗരേഖകളും പുറത്തിറക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചു. ആളുകൾ കൂടിച്ചേരുന്നത് വിലക്കി. മൂന്നു വർഷത്തോളം ലോകം ഈ വൈറസിന്റെ പിടിയിലമർന്നു.
ആദ്യകാലങ്ങളിൽ വൈറസിനെ കുറിച്ച് ആർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. പ്രമേഹവും രക്തസമ്മർദ്ദവുമുള്ള രോഗികളിൽ കോവിഡ് ബാധിക്കുന്നതോടെ ആരോഗ്യ നില വഷളാകാൻ തുടങ്ങി. പ്രായമായവരിലായിരുന്നു കൂടുതൽ പ്രശ്നങ്ങൾ.
പ്രധാനമായും മൂന്ന് കാരണങ്ങളായിരുന്നു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. രോഗം അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് പടരുന്നുവെന്നായിരുന്നു ആദ്യത്തേത്. കോവിഡ് ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു, പലരും ആശുപത്രിയിലാകുന്നു. മരണനിരക്ക് കൂടുന്നു. ഇതായിരുന്നു രണ്ടാമത്തെ കാരണം. മൂന്നാമത്തേത് ഈ വൈറസ് കാരണം ആരോഗ്യ മേഖല നേരിട്ട ഗുരുതരമായ പ്രതിസന്ധിയാണ്. 2020, 2021 വർഷങ്ങളിൽ ലോകം ഇത് അനുഭവിച്ചറിഞ്ഞതാണെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രഫസർ ഡോ. ശ്രീനാഥ് റെഡ്ഡി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ 4.43 കോടി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5.3 ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 76.5 കോടി കടന്നു. 69.2 ലക്ഷം ആളുകൾ മരണപ്പെട്ടു.
അക്കാലഘട്ടത്തെ അപേക്ഷിച്ച് കോവിഡിനെ കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധമുണ്ടായി. കോവിഡിന്റെ പല വകഭേദങ്ങൾ ഉണ്ടായെങ്കിലും രോഗം ഏൽപിക്കുന്ന ആഘാതം താരതമ്യേന കുറഞ്ഞു. രോഗത്തെ ചെറുക്കാൻ ഒരു പരിധിവരെ വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇതൊക്കെ മൂലമാണ് കോവിഡ് ദീർഘകാല ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് ഡബ്ല്യു.എച്ച്.ഒ ഇപ്പോൾ പറയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.