പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്. ജല ലഭ്യത കുറയുമ്പോൾ ഉള്ള വെള്ളം അശുദ്ധമാകാനുള്ള സാധ്യത കൂടും. ആളുകൾ മോശം വെള്ളം ഉപയോഗിക്കാൻ നിർബന്ധിതമാകുന്നത് രോഗപ്പടർച്ചക്ക് ഇടയാക്കും. അമീബിക് മസ്തിഷ്ക ജ്വരം സമീപകാലത്തായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രോഗകാരികളായ അമീബ വെള്ളത്തിൽ വർധിക്കുന്നതിനുള്ള പ്രധാന കാരണം ഉപരിതലത്തിലെ വെള്ളം വല്ലാതെ ചൂട് പിടിക്കുന്നതാണ്. കുളങ്ങളിലും ജലാശങ്ങളിലും പുഴകളിലുമെല്ലാം ചൂട് കൂടുമ്പോൾ ആ വെള്ളത്തിലെ മറ്റ് അണുജീവികൾ നശിക്കും. അമീബക്കാകട്ടെ അതിജീവനത്തിന് മറ്റു വെല്ലുവിളിയുമുണ്ടാകില്ല. അവക്ക് ചൂട് അനുകൂലമാണ്. ചൂടിൽ നശിക്കില്ല. മാത്രമല്ല, എണ്ണം കൂടുകയും ചെയ്യും. ഇത് രോഗം പടരാൻ ഇടയാക്കും. സമൂഹത്തിന് ഒന്നാകെ കുടിവെള്ളം ലഭ്യമാക്കാനുള്ള ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ ആരംഭിച്ചു. ഒരു പഞ്ചായത്തിൽ 5000 പേർക്ക് കുടിവെള്ളം ലഭ്യമാക്കൽ ലക്ഷ്യമിട്ടാകും പദ്ധതി തയാറാക്കുക.

പക്ഷേ, യാഥാർഥ്യമാകുമ്പോഴേക്കും ആവശ്യക്കാരുടെ എണ്ണം കൂടും. അതായത്, 5000 പേർക്കായി രൂപകൽപന ചെയ്ത പദ്ധതിയിൽ 20,000-25,000 പേർക്ക് വെള്ളം നൽകാൻ തദ്ദേശ സ്ഥാപനം നിർബന്ധിതമാകും. 5000 പേർക്ക് വെള്ളമെത്തിക്കുന്നത് കണക്കാക്കിയായിരിക്കും ടാങ്കുകൾ സജ്ജമാക്കുക. എന്നാൽ, ഇതിൽ കവിഞ്ഞുള്ള വെള്ളം ശേഖരിച്ച് നിർത്തി ക്ലോറിനേറ്റ് ചെയ്യാൻ കഴിയില്ല. ജലസ്രോതസ്സുകൾ മലിനമാണെങ്കിൽ രോഗം തടയാൻ മാർഗമുണ്ടാവില്ല. ഇത്തരം സാമൂഹിക പദ്ധതികളിൽ മലിനീകരണം ഒരു സമൂഹത്തെ ഒന്നാകെയാണ് ബാധിക്കുക.

ഫിൽറ്ററുകൾ അത്ര സുരക്ഷിതമല്ല

തിളപ്പിച്ചാറിയ വെള്ളം എന്ന ശീലത്തിൽനിന്ന് നമ്മൾ പിന്നോട്ട് പോയി. മലപ്പുറം ജില്ലയിലെ ഒരു സ്കൂളിലെ അനുഭവം ഓർമവരുന്നു. മുമ്പ് സ്കൂളിലെ ആയമാർ വെള്ളം തിളപ്പിച്ചാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നത്. ഇതിനിടെ ആരോ അവിടെ ഒരു ഫിൽറ്റർ വാങ്ങി നൽകി. ഇതോടെ തിളപ്പിക്കൽ നിലച്ചു. ഫിൽറ്ററിൽ വരുന്ന വെള്ളം നല്ലതാണെന്നാണ് ആളുകളുടെ വിചാരം. ചൂടുകാലത്തിന് മുമ്പ് വലിയ പ്രശ്നമില്ലായിരുന്നു. പിന്നെ സ്ഥിതി മാറി. ഫിൽറ്ററിനടിയിൽതന്നെ മാലിന്യം അടിഞ്ഞ് കൂടിയുണ്ടാകും. സർവിസ് നടത്തിയും കാണില്ല.

ഈ വെള്ളം കുടിച്ച് മുഴുവൻ കുട്ടികൾക്കും മഞ്ഞപ്പിത്തമായി. വൈറസിനെ ഫിൽറ്റർ ചെയ്ത് മാറ്റാൻ സാധാരണ ഫിൽറ്ററുകൾക്ക് ബുദ്ധിമുട്ടാണ്. തിളപ്പിച്ചാറിയ വെള്ളമാണ് ഏറ്റവും ഉചിതം. കല്യാണത്തിന് പോകുമ്പോൾ വെൽകം ഡ്രിങ്കുകൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളത്തിന്‍റെ ഗുണനിലവാരം ആരോഗ്യവകുപ്പിന്‍റെ പരിധിയിൽ വരുന്ന കാര്യമല്ല. പക്ഷേ, നാട്ടിൽ ജലജന്യരോഗമുണ്ടാകുമ്പോൾ പഴി മുഴുവൻ ആരോഗ്യവകുപ്പിനാണ്. ആരോഗ്യവകുപ്പ് മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള ഇടപെടലുകൾ ബോധപൂർവം നടക്കുന്നുണ്ട്. കോളറ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചെറുതായുണ്ട്. പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. തിരുവനന്തപുരത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതൊരു ക്ലസ്റ്ററാണ്. 

Tags:    
News Summary - Water borne diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.