വാഷിങ്ടൺ: ലോകത്തെ മുഴുവൻ അടച്ചിടലിലേക്ക് നയിച്ച കോവിഡ്-19 വൈറസ് തലച്ചോർ അടക്കം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് പഠനം. രോഗബാധിതരിൽ എട്ടു മാസത്തോളം വൈറസ് സാന്നിധ്യം നിലനിൽക്കും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശേഖരിച്ച കോശങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ യു.എസ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്താണ് പഠനം നടത്തിയത്.
ഈ പഠനത്തിന്റെ കണ്ടെത്തലുകൾ ‘നേചർ’ മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്ത കോവിഡ് ബാധിച്ച് മരിച്ച 11പേരുടെ തലച്ചോർ ഉൾപ്പെടെ നാഡീവ്യൂഹത്തിൽ വിശദമായ പഠനമാണ് നടത്തിയത്. കോവിഡ് പോസിറ്റിവ് ആയ 38 പേരുടെ രക്തത്തിലെ പ്ലാസ്മ ശേഖരിച്ചും പഠനം നടത്തിയിരുന്നു. രോഗലക്ഷണം പ്രകടമായ ശേഷം ശരാശരി 18.5 ദിവസം കഴിഞ്ഞാണ് രോഗികൾ മരണപ്പെട്ടത്. മരിച്ചവരിൽ 61.4 ശതമാനം പേർക്ക് മരണകാരണമായേക്കുന്ന മൂന്നിലധികം മറ്റു രോഗങ്ങളുണ്ടായിരുന്നു.
കോവിഡ് വൈറസ് ആദ്യം ബാധിക്കുന്നത് ശ്വാസനാളത്തെയും ശ്വാസകോശത്തെയുമാണ്. 230 ദിവസത്തിനു ശേഷവും സാർസ് കോവ് 2 വൈറസ് സാന്നിധ്യം ശരീരത്തിൽ കണ്ടെത്തി.
അതേസമയം, തലച്ചോറിലെ കോശങ്ങൾക്ക് കാര്യമായ കേടുപാടുകൾ കോവിഡ് വൈറസ് മൂലം സംഭവിക്കുന്നില്ലെന്ന ആശ്വാസകരമായ കണ്ടെത്തലും പഠനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.