കായംകുളം: കണ്ണൊന്ന് തെറ്റിയ നിമിഷം പൊന്നുമകൻ ഇഴഞ്ഞുനീങ്ങിയത് മരണമുനമ്പിലേക്ക്. ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ കുഞ്ഞുഫായിസിന് ആതുരശുശ്രൂഷകരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ജീവിതത്തിലേക്കുമെത്തി. ചേരാവള്ളി മണ്ണൂക്കുന്ന് കാരാശേരിപടീറ്റതിൽ നുജൂം-അൻസാന ദമ്പതികളുടെ ഒന്നേകാൽ വയസ്സുള്ള മകൻ മുഹമ്മദ് ഫായിസാണ് തിങ്കളാഴ്ച രാവിലെ 11ഓടെ കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണത്.
കളിചിരികളുമായി കൺമുന്നിലിരുന്ന ഫായിസ് കുളിമുറിയിലേക്ക് ഇഴഞ്ഞുനീങ്ങിയത് ആരും ശ്രദ്ധിച്ചിരുന്നില്ല. തിരച്ചിലിനൊടുവിൽ കണ്ടെത്തിയ കുഞ്ഞുമായി വീട്ടുകാർ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ ചലനമറ്റ് കിടന്ന കുഞ്ഞിൽ ശ്വാസത്തിെൻറ നേരിയൊരു അംശം ബാക്കിയായത് രക്ഷാനീക്കങ്ങൾ ചടുലമാക്കി. നിമിഷങ്ങൾക്കുള്ളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒരു നിര ഓടിയെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷൈലയുടെ നേതൃത്വത്തിലെ സംഘം ഇതിനോടകം പ്രഥമ ശുശ്രൂഷകൾ തുടങ്ങിയിരുന്നു.
പീഡിയാട്രീഷൻമാരായ ഡോ. മിനിമോൾ, ഡോ. ജയന്തി എന്നിവരുമെത്തി. രക്തത്തിലെ ഓക്സിജൻ അളവ് ക്രമാതീതമായി താഴാൻ തുടങ്ങിയതോടെ അനസ്തേഷ്യ വിദഗ്ധൻ ഡോ. ശ്യാംപ്രസാദ് അതിവിദഗ്ധമായി അന്നനാളത്തിലേക്ക് കുഴൽ ഇറക്കി കൃത്രിമശ്വാസം നൽകി. നില മെച്ചപ്പെട്ട് തുടങ്ങിയതോടെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള തീരുമാനവുമുണ്ടായി.
നിമിഷങ്ങൾക്കുള്ളിൽ ആംബുലൻസും സജ്ജം. ഡോ. അനു അഷ്റഫ്, ഡോ. ശ്യാം പ്രസാദ്, നഴ്സിങ് ഓഫിസർ ഷീബ എന്നിവരും ആംബുലൻസിൽ കയറി. മെഡിക്കൽ കോളജിൽ എത്തുന്നതുവരെ ഇവരുടെ പരിചരണത്തിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ കുഞ്ഞ് പൂർണ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞു.
സഹപ്രവർത്തകെൻറ വിയോഗത്താൽ മനസ്സ് വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥയിലാണ് താലൂക്ക് ആശുപത്രിയിലെ എല്ലാ സംവിധാനങ്ങളും കുഞ്ഞിെൻറ ജീവൻ രക്ഷിക്കാനായി കൈമെയ്യ് മറന്ന് പ്രവർത്തിച്ചത്. ശനിയാഴ്ച രാത്രിയിൽ അത്യാഹിത വിഭാഗത്തിലെ ഡോ. ശ്രീരാജ് മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.