ദു​ബൈ വീ​ണ്ടും ഫി​റ്റ്​​ന​സി​ന്‍റെ ആ​ര​വ​ത്തി​ലേ​ക്ക്​

ദു​ബൈ: ആരോഗ്യ സംരക്ഷണത്തിന്‍റെ ദുബൈ മാതൃകയായി വളർന്നുപന്തലിച്ച ഫിറ്റ്നസ് ചാലഞ്ച് വീണ്ടുമെത്തുന്നു. ചാലഞ്ചിന്‍റെ ആറാം എഡിഷൻ ഒക്ടോബർ 29മുതൽ നവംബർ 27വരെ നടക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആരംഭിച്ച സംരംഭമാണിത്. ഒരു മാസക്കാലം എല്ലാ ദിവസവും 30മിനുറ്റ് സമയം വ്യായാമത്തിന് ഒഴിഞ്ഞുവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.

ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കപ്പെടും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടത്തപ്പെടാറുണ്ട്. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബൈയിലും രാജ്യവ്യാപകമായും ആരോഗ്യകരമായ ജീവിതശൈലിക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്‍റെ കാഴചപ്പാടെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചാലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ വാരാന്ത്യങ്ങളിലും പ്രധാന കായിക മത്സരങ്ങളും മികച്ച ഫിറ്റ്നസ് പ്രഫഷണലുകളുടെ സൗജന്യ ലൈവ്, വെർച്വൽ ക്ലാസുകളും ഇത്തവണയും ഉണ്ടായിരിക്കും. വൻ പരിപാടികളായ ദുബൈ റൈഡ്, ദുബൈ റൺ എന്നിവയും ഇത്തവണയും ഗംഭീരമായി ഒരുക്കുന്നതാണ്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ചാണ് ദുബൈ റൺ ഒരുക്കാറുള്ളത്. പല കുടുംബങ്ങളും ഒന്നിച്ച് പരിശീലനം നടത്തി, ഒരുമിച്ചോടി ദുബൈ റണ്ണിന്‍റെ ഭാഗമാകാനുള്ള ശ്രമം ചാലഞ്ചിന്‍റെ തുടക്കം മുതൽ ആരംഭിക്കാറുണ്ട്.

www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താണ് പരിപാടിയുടെ ഭാഗമാകേണ്ടത്. കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങളെ പമ്പകടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.

Tags:    
News Summary - Dubai again To the world of fitness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.