ജിദ്ദ: സൗദി അറേബ്യയിൽ ആരോഗ്യ ശുശ്രൂഷാരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാൻ ‘ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം’ സ്ഥാപിക്കുന്നു. ഇത് ആരോഗ്യമേഖലയിൽ ഗവേഷകർക്ക് വലിയ പിന്തുണ നൽകുകയും ചികിത്സാരംഗത്ത് നൂതന കണ്ടുപിടിത്തങ്ങൾക്ക് ഇടയാക്കുമെന്നും ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു.
ആരോഗ്യമേഖലക്ക് ഭരണകൂടം നൽകുന്ന തുടർച്ചയായ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. ഗവേഷണവും ക്ലിനിക്കൽ പരീക്ഷണങ്ങളും പ്രവർത്തനക്ഷമമാക്കുന്നതിന് ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സഹായിക്കും. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആരോഗ്യമേഖലയിലെ പരിവർത്തനത്തിന് ഇത് സഹായകമാവും.
രാജ്യത്തെ ഗവേഷണത്തിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്രത്തെ പ്രാപ്തമാക്കുന്നതിന് ഇതു വലിയ സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യരംഗത്തെ ഗവേഷണങ്ങളുടെ നിലവാരം ഉയരാൻ കേന്ദ്രം സഹായിക്കും.
വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം വർധിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യും. ആരോഗ്യപരമായ അപകടങ്ങൾക്കെതിരെ പ്രതിരോധം വർധിപ്പിക്കുമെന്നും അത് ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ ഗവേഷകർക്ക് പിന്തുണ നൽകുന്നതാണ് ദേശീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം.
ഗവേഷണത്തിലും ക്ലിനിക്കൽ പരീക്ഷണങ്ങളിലും മികവ് സൃഷ്ടിക്കുന്നതിനും രാജ്യത്തെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിനും അടിയന്തര ദേശീയ ആരോഗ്യ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രോഗനിർണയം, പ്രതിരോധം, ചികിത്സ എന്നീ കാര്യങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താനും ഇതിലൂടെ സാധിക്കും. നൂതന ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് ദേശീയ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ, ബയോടെക്നോളജി വ്യവസായങ്ങളെ പ്രാപ്തമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ദേശീയ ആരോഗ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ അനുമതി നൽകിയത്. രാജ്യത്തെ ആരോഗ്യ ഗവേഷണ സംവിധാനത്തിന്റെ നിലവാരം ഉയർത്തുന്ന ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെ പ്രധാന നാഴികക്കല്ലുകളിലൊന്നാണ് തീരുമാനമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.