കഫ്സിറപ്പുകളുടെ കയറ്റുമതിക്ക് ജൂൺ ഒന്നു മുതൽ പുതിയ നിബന്ധന

ന്യൂഡൽഹി: കഫ്സിറപ്പുകൾ കയറ്റുമതി ചെയ്യുന്നതിന് പുതിയ നിബന്ധനയുമായി കേന്ദ്ര സർക്കാർ. കഫ് സിറപ്പുകൾ കയറ്റുമതി ചെയ്യാൻ അനുമതി ലഭ്യമാക്കും മുമ്പ് സർക്കാർ നിശ്ചയിച്ച ലബോറട്ടറികളിൽ പരിശോധിക്കണമെന്നാണ് നിബന്ധന. ലബോറട്ടറികളിൽ പരിശോധിച്ച് സർട്ടിക്കറ്റ് ലഭിച്ച കഫ്സിറപ്പുകൾ മാത്രമാണ് ജൂൺ ഒന്നുമുതൽ കയറ്റുമതി ചെയ്യാൻ അനുവദിക്കുകയുള്ളു. ഇന്ത്യൻ നിർമിത കഫ്സിപ്പുകൾക്ക് ഗുണനിലവാരം കുറവാണെന്ന് ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിൽ നിരോധിക്കുന്ന സംഭവം വ്യാപകമായതോടെയാണ് പുതിയ നിർദേശം.

2023 ജൂൺ ഒന്നു മുതൽ കയറ്റുമതി ചെയ്യേണ്ട കഫ്സിറപ്പുകളുടെ സാമ്പിളുകൾ സർക്കാർ നിശ്ചയിച്ച ലബോറട്ടറികളിൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ മാത്രമേ കയറ്റുമതിക്ക് അനുമതിയുള്ളു- വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു.

ഇന്ത്യൻ ഫാർമകോപോയ കമീഷൻ, റീജിയണൽ ടെസ്റ്റിങ് ലാബ് -ചണ്ഡീഗഡ്, ഗുവാഹത്തി, സെ​ൻട്രൽ ഡ്രഗ് ലാബ് കൊൽക്കത്ത, സെൻട്രൽ ഡ്രഗ് ടെസ്റ്റിങ് ലാബ് - ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് എന്നിവയും സംസ്ഥാന സർക്കാറുകളുടെ അക്രഡിറ്റേഷനുള്ള ലാബുകളുമാണ് കഫ് സിറപ്പുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത്.

കയറ്റുമതി ചെയ്യുന്ന കഫ്സിറപ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ചേരുവകളുടെ ഗുണനിലവാരം ഉറപ്പുവരുത്തന്നതിനെ കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ നിർമിത കഫ് സിറപ്പ് നിരോധിച്ചിരുന്നു. ഉസ്ബെക്കിസ്താനിൽ 18 കുട്ടികളുടെ മരണത്തിനും ഇന്ത്യൻ നിർമിത കഫ്സിറപ്പ് കാരണമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിരുന്നു. ഈ ഫെബ്രുവരിയിൽ തമിഴ്നാട്ടിലെ ​​ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ ഐ ഡ്രോപ്പ് വിപണിയിൽ നിന്ന് പൂർണമായും പിൻവലിച്ചിരുന്നു.

​ലോകത്ത് നിരവധി രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നത് ഇന്ത്യയാണ്. ജനറിക് മരുന്നുകൾ വ്യാപകമായി കയറ്റി അയക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നാണ്. ലോകത്ത് ആവശ്യമുള്ള നിരവധി വാക്സിനുകളുടെ 50 ശതമാനവും യു.എസിലെ ജനറിക് മരുന്നുകളുടെ 40 ശതമാനവും യു.കെയിലെ എല്ലാ മരുന്നുകളുടെയും 25 ശതമാനവും ഇന്ത്യയിൽ നിന്നാണ് അയക്കുന്നത്. ആഗോള തലത്തിൽ മരുന്നുത്പാദനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകൾ എന്നതാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന് ആഗോളതലത്തിൽ സ്വീകാര്യത നേടിക്കൊടുക്കുന്നത്.

Tags:    
News Summary - Government's New Rule For Cough Syrup Exports From June 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.