പാലക്കാട്: ചില പ്രത്യേക തരം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആർ.എൻ.എ വൈറസ് ആണ് നിപ. 1999ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നി വളർത്തുകാരിലായിരുന്നു ആദ്യ വൈറസ് ബാധ. നിപ വൈറസ് ശരീരത്തിലെത്തിയ എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല.
ആളുടെ പ്രതിരോധശേഷി, വൈറസിന്റെ അളവ് എന്നിവ അനുസരിച്ചായിരിക്കും രോഗബാധ. പനി, ചുമ, ഛർദി, ക്ഷീണം, തലവേദന, ശരീരവേദന, വയറുവേദന, ബോധക്ഷയം, കാഴ്ച മങ്ങൽ എന്നിവയാണ് ലക്ഷണങ്ങൾ.
പാലക്കാട്: അയൽ ജില്ലയായ മലപ്പുറത്ത് നിപ്പ സ്ഥിരീകരണവും തുടർന്ന് മരണവും നടന്ന സാഹചര്യത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ഉദ്യോഗസ്ഥതല യോഗം യോഗം ചേർന്നു. വിഷയത്തിൽ ബോധവത്കരണം ആവശ്യമാണെന്നും പനി വന്നാൽ ഉടൻ ചികിത്സ തേടണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ബോധവത്കരണവും ജാഗ്രത നിർദേശവും നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ അറിയിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം അടുത്ത ദിവസം തന്നെ ഡി.എം.ഒ യുടെ നേതൃത്വത്തിൽ വിളിക്കാൻ കലക്ടർ നിർദേശം നൽകി. ജില്ല ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളേജ് ഡയറക്ടറും ഉൾപ്പെട്ട യോഗം വിളിച്ചു ചേർത്ത് ഐസൊലേഷൻ വാർഡുകൾ സംബന്ധിച്ച ചർച്ച നടത്തുമെന്നും കലക്ടർ യോഗത്തിൽ വ്യക്തമാക്കി.
രണ്ടുദിവസമായി മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റിയെങ്കിലും വനംവകുപ്പ് അധികൃതരുടെ ശ്രദ്ധ വേണമെന്നും പ്രസ്തുത പ്രദേശങ്ങളിൽ വാച്ചർമാരെ നിയോഗിക്കേണ്ടതുണ്ടെന്നും കലക്ടർ അറിയിച്ചു. പുഴകളിൽ ഇറങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത് പ്രസിഡൻറുമാർ മുഖേന കരുതൽ നിർദേശം നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു.
ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനങ്ങളെ കലക്ടർ യോഗത്തിൽ അഭിനന്ദിച്ചു. കഴിഞ്ഞദിവസം ആലത്തൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ സ്കൂളുകളിലെ പഴയ സ്കൂൾ ബസുകൾ ഉണ്ടെങ്കിൽ അവയുടെ കണക്കെടുക്കാനും അവ മാറ്റി നൽകുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കലക്ടർ നിർദേശം നൽകി . ജൂലൈ 31ന് മുൻപ് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ പി.ഡബ്ല്യു.ഡി, കെ.ആർ.എഫ്.ബി അധികൃതർക്ക് യോഗത്തിൽ നിർദേശം നൽകി. വാഹന ഗതാഗതം തിരിച്ച് വിടുന്ന ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകി.
എ.ഡി.എം സി. ബിജു, ജില്ല പൊലീസ് മേധാവി എസ്. ആനന്ദ്, ഡി.എം.ഒ ഡോ. കെ.ആർ വിദ്യ തുടങ്ങിയവരുൾപ്പെടെ വിവിധ വകുപ്പ് ജില്ല മേധാവികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.