മലപ്പുറം: ജില്ലയില്‍ വീണ്ടും ക്ഷയരോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 208 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 100ല്‍ താഴെയായിരുന്നു എണ്ണം. കോവിഡിന്റെ സമാന ലക്ഷണങ്ങളുള്ളതിനാല്‍ തെറ്റിദ്ധാരണയില്‍ ക്ഷയ പരിശോധന നടത്താത്തതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവുന്നതായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പനി, ചുമ, ശരീരഭാരം കുറയല്‍, കയലവീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ജില്ലയില്‍ ഒരുവര്‍ഷം രണ്ടായിരത്തോളം പേര്‍ക്ക് ക്ഷയം സ്ഥിരീകരിക്കാറുണ്ട്. കൃത്യമായ ചികിത്സയിലൂടെ ആറ് മാസംകൊണ്ട് പൂര്‍ണ രോഗമുക്തി നേടാനാവുമെങ്കിലും പലരും ചികിത്സക്ക് തയാറാവുന്നില്ല.
രോഗലക്ഷണങ്ങള്‍ കണ്ടാലും പരിശോധന നടത്താത്തതും ചികിത്സ കൃത്യമായി തുടരാത്തതും മൂലം ശരാശരി 100 പേര് ഒരുവര്‍ഷം ജില്ലയില്‍ മരണപ്പെടുന്നുണ്ട്. 2021ല്‍ 121 പേരാണ് മരിച്ചത്. ചികിത്സ തേടിയവരില്‍ 86 ശതമാനം പേര്‍ക്കും അസുഖം പൂര്‍ണമായും ഭേദമായി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ല ടി.ബി ഹോസ്പിറ്റല്‍ ചെരണി, തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ജില്ല ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ സൗജന്യമായി ക്ഷയരോഗം പരിശോധിക്കാനുള്ള സൗകര്യങ്ങളുണ്ട്. ചികിത്സയും സൗജന്യമാണ്. പോഷകാഹാരക്കുറവാണ് ക്ഷയത്തിന്റെ പ്രധാന കാരണം. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് നല്ല ഭക്ഷണം വാങ്ങാന്‍ മാസം 1,500 രൂപ സാമ്പത്തിക സഹായം ലഭിക്കും. ചികിത്സ തുടരുന്ന ആറ് മാസക്കാലയളവിലും ഇതുണ്ടാവുമെന്ന് എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് അറിയിച്ചു.
ദിനാചരണം 24ന്
മലപ്പുറം: ജില്ല ആരോഗ്യ വകുപ്പ് മാർച്ച് 24ന് ക്ഷയരോഗ ദിനം വിവിധ പരിപാടികളോടെ ആചരിക്കും. പൊതുസമ്മേളനം ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ രാവിലെ 10ന് പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം ജീവന് സംരക്ഷിക്കാം എന്നതാണ് ഇത്തവണത്തെ പ്രമേയം. മത്സരറാലി രാവിലെ ഒമ്പതിന് കലക്ടര്‍ ബംഗ്ലാവിന് മുന്നില്‍നിന്ന് തുടങ്ങും.
ഒരു മാസമായി നടന്നുവരുന്ന പരിപാടികളുടെ തുടര്‍ച്ചയായി ഹ്രസ്വചിത്ര നിര്‍മാണ മത്സരം, ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അക്ഷയ പുരസ്കാര വിതരണം, ഫുട്ബാള്‍ മത്സരം, കലാപരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ക്ഷയരോഗ വിഭാഗം ഓഫിസര്‍ ഡോ. സി. ഷുബിന്‍, മാസ് മീഡിയ ഓഫിസര്‍ രാജു പ്രഹ്ലാദ്, ക്ഷയരോഗ ദിനാചരണ കോഓഡിനേറ്റര്‍ ഡോ. അബ്ദുൽ ജലീല്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.