വ്യായാമത്തിനായി നടക്കുന്നവർ ഇതേ ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂടെ കൂട്ടുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ. തുടക്കക്കാരാണെങ്കിൽ പ്രത്യേകിച്ചും. മടിപിടിച്ചാൽ ഉന്തിത്തള്ളി കൊണ്ടുപോകാനും ആത്മവിശ്വാസം പകരാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു.
നടക്കാനൊരു പങ്കാളി; ഗുണങ്ങളേറെ
- സുരക്ഷയാണ് ഒരു പ്രധാന ഗുണം. പ്രായമുള്ളവർക്ക് ഒപ്പം നടക്കാൻ ഒരാളുണ്ടെങ്കിൽ അവരുടെ ആത്മവിശ്വാസം വർധിക്കും. ഒന്നിലേറെപ്പേരുള്ള ഒരു സംഘമാണെങ്കിൽ കൂടുതൽ നല്ലതാണ്.
- സുഹൃത്തിനോ ജീവിത പങ്കാളിക്കോ ഒപ്പമാണ് നടക്കുന്നതെങ്കിൽ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സാധിക്കും.
- വ്യായാമം ഒരിക്കലും ഒരു എളുപ്പജോലിയല്ല. വർത്തമാനം പറഞ്ഞ് നടക്കുമ്പോൾ ആ ബുദ്ധിമുട്ടും ബോറടിയും മറക്കാൻ കഴിയും.
ഒറ്റക്ക് നടക്കുന്നതും തെറ്റല്ല
- നന്നായി അധ്വാനിച്ച് നടക്കുന്ന ശൈലിയുള്ള ആളാണെങ്കിൽ ഒറ്റക്കു നടക്കുന്നതുതന്നെയാണ് നല്ലത്. സംസാരിച്ചു നടക്കുമ്പോൾ അലസമായിപ്പോകാനും ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.
- മനസ്സ് അർപ്പിച്ചുകൊണ്ടുള്ള നടത്തത്തിന് ഒറ്റക്കുതന്നെയാണ് നല്ലത്. അതിലൂടെ വ്യായാമത്തിൽ തന്നെ ശ്രദ്ധ ലഭിക്കും.
ഏതാണ് മികച്ചത് ?
സാമാന്യം വേഗത്തിൽ, വ്യായാമം ചെയ്യുകയാണെന്ന ശ്രദ്ധയോടെ നടക്കുന്നതാണ് ഏറ്റവും ഗുണപ്രദം. നിങ്ങളുടെ ഈ ശൈലിക്കും വേഗതക്കും അനുസരിച്ചുള്ള ഒരാളെയാണ് ഒപ്പം കൂട്ടുന്നതെങ്കിൽ കുഴപ്പമില്ല എന്നു മാത്രമല്ല, ഒന്നിച്ച് നടക്കുന്നതിന്റെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യും.
ഓർക്കുക; ശ്വാസഗതിയൊക്കെ മെല്ലെയാക്കി, സംസാരിച്ചുകൊണ്ട് റിലാക്സായി നടക്കാനാണ് നിങ്ങൾ പങ്കാളിയെ തേടുന്നതെങ്കിൽ നടത്തം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.