തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. വൈറൽപനിയെ തുടർന്ന് 3033 പേരാണ് ഈ ആഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയത്. ചുട്ടുപൊള്ളുന്ന പനി, ചുമ, വിറയൽ, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛർദി, വയറിളക്കം എന്നിവയെല്ലാം ഇപ്പോൾ കണ്ടുവരുന്ന വൈറൽപനിയുടെ ലക്ഷണങ്ങളാണ്. മിക്ക ആശുപത്രികളിലും ഒ.പിയിൽ വൈറൽപനി ബാധിതരാണ് കൂടുതൽ എത്തുന്നത്. പനി മാറിയാലും ആഴ്ചകളോളം വിട്ടുമാറാത്ത ചുമ പലരെയും അലട്ടുന്നുണ്ട്.
കുട്ടികൾക്കിടയിലും പനി വ്യാപകമായി കണ്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ പറയന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഏറെ പേർ ചികിത്സ തേടിയെന്നാണു അനൗദ്യോഗിക കണക്ക്. സ്വകാര്യ ക്ലിനിക്കുകളിൽ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്.
മഴയും വെയിലും ഇടവിട്ടു വന്നതോടെയാണ് വൈറൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശക്തമായ പേശീവേദനയും തലവേദനയും പനി ബാധിതർക്ക് ഉണ്ടാകുന്നുണ്ട്. പനി ബാധിച്ചാൽ ചികിത്സ തേടണമെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ് അറിയിച്ചു. പനി വരുന്നവർ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുക, ഒരാഴ്ച കഠിന ജോലികൾ ഒഴിവാക്കി വിശ്രമിക്കുക. ആവശ്യമെങ്കിൽ ലാബ് പരിശോധനകൾ നടത്തണമെന്നും ഡി.എം.ഒ നിർദേശിച്ചു.
ചുട്ടുപൊള്ളുന്ന പനി, ചുമ, വിറയൽ, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങയവയാണ് ഇപ്പോൾ കണ്ടുവരുന്ന വൈറൽപനിയുടെ ലക്ഷണങ്ങൾ.
തൊടുപുഴ: പനിയടക്കമുള്ള രോഗങ്ങൾ വ്യാപകമാകുമ്പോഴും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി ഏകദേശം 35 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാതെയും ഒഴിഞ്ഞു കിടക്കുന്നവ നികത്താതെയും ദുർഘടമായ മലയോര പ്രദേശങ്ങളും ആദിവാസി ജനസമൂഹവുമുള്ള ജില്ലയിൽ നിലവാരമുള്ള ചികിത്സ നൽകാൻ സാധിക്കുകയില്ല. ജില്ല-താലൂക്ക് ആശുപത്രികളിൽ ഓരോ സ്പെഷാലിറ്റിയിലും ആവശ്യത്തിനു ഡോക്ടർമാരില്ല. കഴിഞ്ഞ ദിവസം ജനറൽ ട്രാൻസ്ഫർ ഇറങ്ങിയെങ്കിലും ഇടുക്കിയിൽനിന്ന് പോകാനാണ് പലരും ആഗ്രഹിക്കുന്നത്. ഇടുക്കി ഓപ്ഷനായി വരാൻ ആഗ്രഹിക്കുന്നവർ ഇല്ല. ഉള്ള ഡേക്ടർമാർകൂടി കുറയുന്ന സാഹചര്യമാണ് നിലവിൽ. പി.എസ്.സി ലിസ്റ്റിൽനിന്ന് ആവശ്യത്തിന് ഡേക്ടർമാരെ നിയമിക്കാത്തതും ആരോഗ്യ മേഖലയെ ക്ഷീണിപ്പിക്കുന്നുണ്ട്.
തൊടുപുഴ ജില്ല ആശുപത്രിയിൽ നാല് അത്യാഹിത ഡോക്ടർമാരുടെ പോസ്റ്റ് മാത്രമേ നിലവിലുള്ളൂ. ജില്ല ആശുപത്രിയാക്കിയിട്ടു വർഷങ്ങളായെങ്കിലും ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം ആ രീതിയിൽ ഉയർത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൊത്തം ഡോക്ടർമാരുടെ ഒഴിവുള്ളത് നാലെണ്ണം ആണ്. താൽക്കാലികമായി ഡോക്ടർമാരെ വെച്ചാണ് പ്രവർത്തനം.
പലതരത്തിലുള്ള പനികൾ കണ്ടുവരുന്നതിൽ സ്വയംചികിത്സ പാടില്ലന്നും പൂർണ വിശ്രമം അനിവാര്യമാണെന്നും ഡി.എം.ഒ കർശന നിർദേശം നൽകുന്നു. രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ പനി അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. ഡോക്ടറോട് ജോലി ചെയ്ത ഇടത്തെക്കുറിച്ച് പറയുകയും അസുഖവിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചെയ്യണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.
മഴക്കാലമായതോടെ ഏറെ ജാഗ്രത പാലിക്കേണ്ട ഒന്നാണ് എലിപ്പനി. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല.എലി, അണ്ണാൻ, പൂച്ച, നായ്, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യം കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും.പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ- ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
രോഗബാധയേൽക്കാൻ സാധ്യത കൂടിയവർ നിർബന്ധമായും ഡോക്ടറുടെ നിർദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. പ്രതിരോധമരുന്ന് എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്നും സൗജന്യമായി ലഭിക്കും. രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കൈയുറയും കാലുറയും ധരിക്കുന്നത് അഭികാമ്യമാണ്. രോഗം ഗുരുതരമായാൽ മരണവരെ സംഭവിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.