മസ്കത്ത്: ആരോഗ്യരംഗത്ത് വൈദ്യപരിചരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന സാങ്കേതിക വിദ്യയിലൂന്നിയ `ഡോ. റോബോട്ടു'മായി ഒമാനി ശാസ്ത്രജ്ഞൻ മാസെൻ ബിൻ റാഷിദ് അൽ ബാദി.
രോഗിയുടെ പ്രാഥമിക ചികിത്സാ പരിശോധനകൾ നടത്താൻ രൂപകൽപന ചെയ്ത ഈ നൂതന റോബോട്ട് മലേഷ്യയിൽ നടന്ന ഇന്റർനാഷനൽ ഇൻവെൻഷൻ, ഇന്നൊവേഷൻ, ടെക്നോളജി എക്സിബിഷൻ 2024ലും ബൈറൂത് ഇന്റർനാഷനൽ ഫെയറിലും മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
വൈദ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് `ഡോക്ടർ റോബോട്ട്'. മെഡിക്കൽ വിവരങ്ങൾ വേഗത്തിലും കൃത്യമായും വിശകലനം ചെയ്യുന്നതിലൂടെ രോഗനിർണയങ്ങൾക്കും ഫലപ്രദമായ ചികിത്സാ രീതികൾ നൽകാനും സഹായിക്കുന്നു. ഇത് വൈദ്യ പരിചരണത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഗണ്യമായി മെച്ചപ്പെടുത്തുന്നു.
ലക്ഷണം തിരിച്ചറിയുന്നതിനോടൊപ്പം ഓട്ടോമേറ്റഡ് മെഡിക്കൽ അസിസ്റ്റന്റായും ഈ റോബോട്ട് പ്രവർത്തിക്കുന്നു. രോഗിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഇല്ലാതാകുന്നതോടെ രോഗിയിൽനിന്ന് രോഗം പകരുന്നതിന്റെ സാധ്യതയും കുറക്കാനാകും.
കൂടാതെ, `ഡോക്ടർ റോബോട്ട്' രോഗികൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും സുരക്ഷിതവും അണുമുക്തവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു. നൂതനമായ റോബോട്ടിക്സ്, സ്മാർട്ട് അനലിറ്റിക്സ് എന്നിവയിലൂടെ ആധുനിക മെഡിക്കൽ വെല്ലുവിളികളെ നേരിടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ മെഡിക്കൽ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.