പൊന്നാനി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം പൊന്നാനി നഗരസഭക്ക്. നഗരസഭ തലത്തിലാണ് പൊന്നാനി ഒന്നാം സ്ഥാനം നേടിയത്. 10 ലക്ഷം രൂപയാണ് സമ്മാനതുക. 2022-‘23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രി വീണ ജോർജ്ജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരം നൽകാൻ പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണന പട്ടിക തയാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയാറാക്കുകയും പുരസ്കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്.
ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമാർജ്ജനം എന്നിവയും പുരസ്കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളായി. 2022-‘23 കാലയളവിൽ 4,36,41700 രൂപയും 2023-‘24 വർഷത്തിൽ 11, 32,29303 രൂപയുമാണ് പൊന്നാനി നഗരസഭ ആരോഗ്യ മേഖലയിൽ വിനിയോഗിച്ചത്. ആരോഗ്യ മേഖലയിലെ നഗരസഭയുടെ കാര്യക്ഷമമായ ഇടപെടലിന്റെയും അധ്വാനത്തിന്റെയും ഫലമാണ് പുരസ്കാരമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. കഴിഞ്ഞ ദിവസം മികച്ച ആതുരാലയങ്ങൾക്കുള്ള കായകൽപ്പ പുരസ്കാരത്തിന് പൊന്നാനി നഗരസഭയിലെ മാതൃശിശു ആശുപത്രിയെ തെരഞ്ഞെടുത്തിരുന്നു. 50 ലക്ഷം രൂപയാണ് സമ്മാനതുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.