പ്രമേഹത്തിനുള്ള 'ഇൻസുലിൻ ബസഗ്ലർ' ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കും

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലി തങ്ങളുടെ ഇൻസുലിൻ ഗ്ലാർജിൻ ഉൽപന്നമായ ബസഗ്ലർ ക്വിക്ക്പെന്നിനെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. മരുന്ന് ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതിർന്നവരിലും കുട്ടികളിലും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഈ മരുന്ന് ദിവസം മുഴുവൻ സ്ഥിരമായ ഇൻസുലിൻ വിതരണം നൽകുന്നു. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.

ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച പൊതു അറിയിപ്പ് പ്രകാരം 2024 മാർച്ച് 5ന് ശേഷം ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതും വിപണനം ചെയ്യുന്നതും അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഈ ഉൽപ്പന്നം ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. 'രാജ്യത്ത് നിലവിലുള്ളതും ഭാവിയിലേതുമായ ഉൽപ്പന്ന മാതൃകകൾ കാര്യക്ഷമമാക്കുന്നതിന് ബസഗ്ലാർ ക്വിക്‌പെൻ (ഇൻസുലിൻ ഗ്ലാർജിൻ) നിർത്തലാക്കാൻ ഞങ്ങൾ തീരുമാനിച്ചു.' കമ്പനി വക്താവ് പറഞ്ഞു. ഇന്ത്യയിലെ ഉൽപ്പന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള എലി ലില്ലിയുടെ മികച്ച ബിസിനസ്സ് നീക്കമാണ് ഈ പിൻവലിക്കൽ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മരുന്ന് നിർത്തലാക്കിയതിന് ശേഷം വിപണിയിൽ ലഭ്യമായേക്കില്ലെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ബദൽ മരുന്നുകൾക്കായി ഡോക്ടറെ സമീപിക്കാൻ രോഗികളോട് നിർദ്ദേശിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.

ഇൻസുലിൻ ഗ്ലാർജിൻ 100ഐ.യുവിന് 244.13 രൂപയാണ് വില. നൂതന മരുന്നുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും സാധാരണയായി ഉപയോഗിക്കുന്ന 3 മില്ലി കാട്രിഡ്ജ് ഫോർമുലേഷനിൽ ബസഗ്ലാർ ഇൻസുലിൻ നൽകുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.

Tags:    
News Summary - 'Insulin Basaglar' for diabetes will be withdrawn from the Indian market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.