കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈയുറ ക്ഷാമം രൂക്ഷമായത് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നു. പല വാർഡുകളിലും തിയറ്ററുകളിലും കൈയുറകൾ സ്റ്റോക്കില്ലാത്തതിനാൽ രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതായും പരാതിയുണ്ട്.
കെ.എം.എസ്.സി.എല്ലിൽനിന്ന് പുതിയ സ്റ്റോക്കുകൾ എത്താത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. നഴ്സുമാർക്കും ഡോക്ടർക്കും രോഗികളെ ഇൻജക്ഷൻ അടിക്കുക, മുറിവുകൾ ക്ലീൻ ചെയ്യൽ, തുന്നിക്കെട്ടൽ, ശസ്ത്രക്രിയകൾ തുടങ്ങിയവക്കെല്ലാം കൈയുറകൾ അത്യാവശ്യമാണ്.
ആശുപത്രിയിലെ സർജിക്കൽ സ്റ്റോറിൽ കൈയുറയുടെ സ്റ്റോക്ക് പൂർണമായും തീർന്നതായാണ് വിവരം. വാർഡുകളിൽ ബാക്കിയുള്ളവയാണ് ഇപ്പോൾ കുറച്ചെങ്കിലും ഉപയോഗത്തിനുള്ളത്. ലോക്കൽ പർച്ചേസ് നടത്തിയാണ് കുറച്ചെങ്കിലും ക്ഷാമം പരിഹരിക്കുന്നത്. എന്നാൽ, ഇതൊന്നും ദൈനംദിന ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്.
ആശുപത്രിയിൽ ക്ലീനിങ് തൊഴിലാളികൾ മുതൽ ഐ.സി.യു യൂനിറ്റുകളിൽ വരെ ഏറ്റവും കൂടുതൽ ആവശ്യമുള്ള വസ്തുവാണ് കൈയുറകൾ എന്നതിനാൽ ഇതിന്റെ ക്ഷാമവും വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൈയുറകളുടെ ക്ഷാമം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരുപോലെ ഭീഷണിയാണ്. എന്നാൽ, കൈയുറകളുടെ ലഭ്യത അൽപം കുറവാണെങ്കിലും നിലവിൽ എല്ലാ വാർഡുകളിലേക്കും ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് സ്റ്റോർ അധികൃതർ അറിയിച്ചു.
ചില സാങ്കേതിക പ്രശ്നങ്ങളാൽ കെ.എം.എസ്.സി.എല്ലിൽനിന്ന് സ്റ്റോക്കുകൾ എത്താൻ വൈകിയതാണ് സ്റ്റോക്ക് കുറയാൻ കാരണം. കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിയ കെ.എം.എസ്.സി.എൽ അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ സ്റ്റോക്ക് ഉടൻ എത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.