ഉസ്ബെക്കിസ്താനിലെ കുട്ടികളുടെ മരണം: കമ്പനിയുടെ എല്ലാ മരുന്നുകളുടെയും ഉത്പാദനം നിർത്തിവെച്ചു

ന്യൂഡൽഹി: ഉസ്ബെക്കിസ്താനിൽ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപിക്കപ്പെട്ട നോയിഡയിലെ മരുന്ന് നിർമാണക്കമ്പനി മാരിയോൺ ബയോടെക്കിന്റെ എല്ലാ മരുന്നുകളുടെയും ഉത്പാദനം നിർത്തിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യയാണ് കമ്പനിയുടെ മരുന്നുകളുടെ ഉത്പാദനം നിർത്തിവെച്ച കാര്യം അറിയിച്ചത്.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അന്വേഷണത്തിനു ശേഷമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഉത്പാദനം നിർത്തി. അ​ന്വേഷണം തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

മരുന്നിന്റെ നിർമാണ ഫാക്ടറിയിൽ പരിശോധന നടന്നിട്ടുണ്ട്. ഞങ്ങൾ അതിന്റെഫലത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ഉത്പാദനവും നിർത്തിവെച്ചിരിക്കുകയാണ്- കമ്പനിയുടെ ലീഗൽ വിഭാഗം മേധാവി ഹസൻ ഹാരിസ് പറഞ്ഞു.

മാരിയോൺ ബയോടെക് നിർമിച്ച ഡോക്-1 മാക്സ് എന്ന കഫ് സിറപ്പ് കഴിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ഉസ്ബെക്കിസ്താന്റെ ആരോപണം. കഫ് സിറപ്പിൽ എഥിലീൻ ഗ്ലൈ​കോൾ എന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഉസ്ബെക്കിസ്താൻ അധികൃതർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഈ മരുന്നിന്റെ ഉത്പാദനം നിർത്തിവെച്ചിരുന്നു.

കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സമിതി ഫാക്ടറിയിൽ നിന്ന് മരുന്നിന്റെ സാമ്പിളുകൾ ശേഖരിച്ച് റീജിയണൽ ഡ്രഗ്സ് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചിരുന്നെന്നും അതിന്റെ ഫലം വരുന്നതിനനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ എന്ന കമ്പനിയുടെ നാല് കഫ്സിറപ്പുകൾക്കെതിരെ ഇതേ പരാതി ഗാംബിയ ഉന്നയിച്ചിട്ടുണ്ട്. 70 കുട്ടികളുടെ മരണത്തിനിടയാക്കി എന്നായിരുന്നു ആരോപണം. അതിൽ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Marion Biotech, cough syrup makers linked to Uzbek deaths, halts all production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.