ഊർജം കൈവരിക്കാനും ഓർമ ശക്തിപ്പെടുത്താനും ഉൽപാദനക്ഷമത വർധിപ്പിക്കാനുമെല്ലാം ഉച്ചമയക്കം മികച്ചൊരു മാർഗമാണ്. എന്നാൽ, ചിലർക്കത് രാത്രിയുറക്കത്തെ ബാധിക്കുന്നഅവസ്ഥയുണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
ഉച്ചയൂണിനുശേഷം കണ്ണിന് ഉറക്കംപിടിക്കുകയും ശ്രദ്ധ തെറ്റുകയും ചെയ്യുമ്പോൾ അര മണിക്കൂർ നേരത്തേക്ക് ചെറുമയക്കം എന്ന ‘പവർ നാപ്’ എടുത്ത് ഫുൾ റീചാർജ് ആയി സീറ്റിൽ തിരിച്ചുവന്നിരിക്കുന്നത് അടിപൊളി സംഗതിയാണ്. എന്നാൽ, ഗംഭീര പകലുറക്കം കഴിഞ്ഞ് രാത്രിയിൽ ഭക്ഷണം കഴിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടാതെ വരുന്നുവെങ്കിൽ ആ പവർ നാപ് പ്രശ്നമാണ്.
ഊർജം കൈവരിക്കാനും ഓർമ ശക്തിപ്പെടുത്താനും ഉൽപാദനക്ഷമത വർധിപ്പിക്കാനുമെല്ലാം ഉച്ചമയക്കം മികച്ചൊരു മാർഗമാണ്. എന്നാൽ, ചിലർക്കത് രാത്രിയുറക്കത്തെ ബാധിക്കുന്ന അവസ്ഥയുണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉച്ചമയക്കം ഇരുതലമൂർച്ചയുള്ള ശീലമാണെന്നും വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ തളർച്ചയും ക്ഷീണവുമായി ഉറക്കച്ചടവോടെ പിറ്റേന്ന് എഴുന്നേൽക്കേണ്ടിവരുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
പവർനാപ്പിന്റെ പവർ
ഉച്ചഭക്ഷണത്തിനു പിന്നാലെ, ഒരു മണി മുതൽ നാലു മണിവരെ സമയത്താണ് മിക്കവർക്കും ഒരു മയക്കത്തിനുള്ള മോഹമുണരുക. വയറുനിറയെ കഴിച്ചതുകൊണ്ടല്ല, നമ്മിലെ ജൈവ ഘടികാരം വ്യത്യസ്ത നേരങ്ങളിൽ ഉണർവും തളർച്ചയും നിശ്ചയിക്കുന്നതുകൊണ്ടാണ്. ഉച്ചനേരം ജൈവഘടികാരത്തിന് തളർച്ചയുടെ സമയമാണ്. ആ സമയത്ത് 30 മിനിറ്റിലധികം എടുക്കാത്ത, ഗാഢനിദ്രയിലേക്ക് നീളാത്ത, തലച്ചോറിന് വിശ്രമം നൽകുന്ന മയക്കവും ശേഷം തെളിഞ്ഞ വെളിച്ചത്തിലേക്കുള്ള മടക്കവുമാണ് യഥാർഥ പവർനാപ്. ഒരു മണിക്കൂറും അതിനു മുകളിലുമായി ഉറക്കം നീണ്ടാൽ ദോഷമാവുകയും ചെയ്യും.
മൂപ്പത് മിനിറ്റിലധികം നീണ്ടാൽ
മയക്കം ഗാഢനിദ്രയിലേക്ക് വഴിമാറിയാൽ, പെട്ടെന്ന് ഉണരാൻ സാധിക്കാത്തവിധം നമ്മുടെ തലച്ചോറ് ‘സ്ലോ വേവി’ലേക്ക് മാറുന്നു. ഈ ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് സ്വാഭാവികമായല്ലാതെ ഉണരുന്നതുമൂലമുള്ള, പ്രത്യേകതരം മന്ദത ഇങ്ങനെ ഉറങ്ങുന്നവരിലുണ്ടാവുകയും ചെയ്യും. കൂടാതെ രാത്രിയിൽ ഉറക്കം കിട്ടാൻ വിഷമവും നേരിടും.
എപ്പോൾ, എങ്ങനെ മയങ്ങാം
രാത്രി ജോലി ചെയ്യുന്നവരടക്കം, ദീർഘനിദ്ര ലഭിക്കാത്തവർക്ക് ഒരു ചെറു പകലുറക്കമെങ്കിലും കിട്ടിയാൽ ഉന്മേഷവും ജോലിയിൽ ശ്രദ്ധയും കൂടുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ, രാത്രി ഉറങ്ങാതെ പകൽ പവർനാപ് കൊണ്ടു മാത്രം പരിഹാരം കാണാമെന്നത് ഒട്ടും നന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.