അടുത്ത കാലത്തായി ട്രെൻഡിങ് ആയ ഭക്ഷണരീതിയാണ് 5:2 ഡയറ്റ്. ഒരുതരം ഉപവാസംതന്നെയാണിത്. ആഴ്ചയിൽ അഞ്ചുദിവസം സാധാരണപോലെ ഭക്ഷണം കഴിക്കുകയും അതിനുശേഷം തുടർച്ചയായി രണ്ടു ദിവസത്തേക്ക് കാലറി ഉപഭോഗം (സാധാരണയായി 500–600 കാലറി) ഗണ്യമായി കുറക്കുകയും ചെയ്യുന്ന രീതിയാണിത്.
ശരീരഭാരം നിയന്ത്രിക്കാൻ ഈ രീതി ഫലപ്രദമാണെന്നാണ് പറയുന്നത്. കാലറി നിയന്ത്രണത്തിലൂടെ കൊഴുപ്പ് കുറക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യാൻ ഇത് സഹായകരമാണ്. അതുകൊണ്ടുതന്നെ ഡയറ്റീഷ്യൻസ് ഇത് പലപ്പോഴും നിർദേശിക്കാറുണ്ട്.
ഭക്ഷണപ്രിയർക്കും ഇത് സാധ്യമാണ് എന്നതാണ് 5:2ന്റെ പ്രത്യേകത. ആഴ്ചയിലെ ആദ്യ അഞ്ചുദിവസം എന്ത് ഭക്ഷണം വേണമെങ്കിലും കഴിക്കാം. പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. പക്ഷേ, മുഴുവൻ ഭക്ഷണങ്ങളും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയ സമീകൃതാഹാരം പിന്തുടരണം.
5:2ന്റെ ഏറ്റവും വലിയ ഗുണമായി പറയുന്നത് ശരീര ഭാരം കുറക്കാൻ കഴിയുന്നു എന്നതാണ്. അതോടൊപ്പം, ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദം എന്നിവ കുറക്കുന്നതിനും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും ഉപവാസം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഡയറ്റ് നല്ലതാണ്.
അതേസമയം, ചില ദോഷ വശങ്ങളും ഈ രീതിക്കുണ്ട്. അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഈ ഡയറ്റ് മൂലം ഉണ്ടാകും. എല്ലാവർക്കും ഈ രീതി അനുയോജ്യമായിക്കൊള്ളണമെന്നുമില്ല. പോഷകക്കുറവുകളും അനുഭവപ്പെടാം. അതുകൊണ്ടുതന്നെ, കൃത്യമായ ആസൂത്രണത്തിലൂടെ വേണം 5:2 ഡയറ്റ് പരീക്ഷിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.