കണ്ണീരോടെ മന്ത്രിയെ കണ്ടു; പരിഹാരമുണ്ടാക്കി ലഡുവും നല്‍കി യാത്രയാക്കി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കണ്ടത്. തന്റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ (55) ഹാര്‍ട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതെന്ന് അവര്‍ പറഞ്ഞു.

പരിശോധനയില്‍ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചികിത്സാ കാര്‍ഡ് ഇല്ലാത്തതിനാല്‍ സ്റ്റെന്റിന്റെ തുക അടയ്ക്കേണ്ടി വന്നു. പെട്ടെന്ന് തുക സംഘടിപ്പിക്കാന്‍ കഴിയാതെ ഭര്‍ത്താവിന്റെ സഹോദരിയുടെ വള പണയം വച്ച് 40,000 രൂപ അടച്ചു. അതേസമയം അവരുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയിലാണ്. മാത്രമല്ല സ്റ്റെന്റിന്റെ ബാക്കി തുക കൂടി അടക്കാനുണ്ട്.

വളരെയേറെ ബുദ്ധിമുട്ടുന്ന തങ്ങളെ സഹായിക്കണം എന്നാണ് ഉണ്ണികൃഷ്ണന്റെ ഭാര്യയും സഹോദരിയും മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി സൂപ്രണ്ടിനോട് ഇക്കാര്യം പരിശോധിക്കാനും അവര്‍ക്ക് ചികിത്സാ സഹായം ചെയ്തു കൊടുക്കാനും നിര്‍ദ്ദേശം നല്‍കി. ഇതോടെ ഇരുവര്‍ക്കും സന്തോഷമായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മന്ത്രിക്കായി കൊണ്ടുവന്ന ലഡു മന്ത്രി ഇരുവര്‍ക്കും നല്‍കി.

സര്‍ക്കാരിന്റെ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉണ്ണികൃഷ്ണന് ചികിത്സാ സഹായം ലഭ്യമാക്കിയതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍ അറിയിച്ചു. മുന്‍കൂറായി വാങ്ങിയ 40,000 രൂപയുള്‍പ്പെടെ റീഫണ്ട് ചെയ്ത് നല്‍കി. ഇതോടെ വലിയ ആശ്വാസമാണ് ആ കുടുംബത്തിന് ലഭിച്ചത്. അവര്‍ മന്ത്രിക്ക് നന്ദിയറിയിച്ചു. സുഖം പ്രാപിച്ച രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. അങ്ങനെ സങ്കടത്തോടെ വന്നവര്‍ സന്തോഷത്തോടെ യാത്രയായി.

Tags:    
News Summary - Saw the minister in tears; The solution was made and the laddu was given and sent away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.