ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കായുള്ള രണ്ടാമത്തെ കോവിഡ് വാക്സിൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡിന്‍റെ കോർബിവാക്സിനാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്. 12 മുതൽ 18 വരെ പ്രായക്കാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ കോർബിവാക്സ് നൽകാൻ അനുമതിയുണ്ട്.
നിലവിൽ 15 മുതൽ 18 വരെ പ്രായക്കാർക്ക് ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിൻ നൽകാൻ സർക്കാർ അനുമതിയുണ്ട്. പുതിയ വാക്സിൻ എത്തുന്നതോടെ വാക്സിൻ യജ്ഞത്തിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.
കോർബിവാക്സ് വിപണിയിലെത്തുന്നതോടെ കോവിഡ് മഹാമാരിയിൽ നിന്ന് പൂർണ മുക്തി നേടുന്നതിനോട് കൂടുതലടുക്കാൻ രാജ്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബയോളജിക്കൽ ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മഹിമ ദാദ പറഞ്ഞു.
2021 സെപ്റ്റംബറിൽ 5 മുതൽ 18 വരെ പ്രായക്കാരിൽ കോർബിവാക്സിന്‍റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചിരുന്നു. നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ഒക്ടോബറിൽ ക്ലിനിക്കൽ പഠനവും ആരംഭിച്ചിരുന്നു.
0.5 മില്ലി വീതം 28 ദിവസത്തെ ഇടവേളയിലായിരിക്കും വാക്സിൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.