കോവിഡ് ശക്തിപ്പെടുകയും ഇതര സാംക്രമിക രോഗങ്ങൾ കുറയുകയും ചെയ്തതോടെ ഒന്നര വർഷത്തിലധികമായി മരുന്ന് വിപണിയിൽ ഏറ്റവുമധികം വിറ്റുപോയത് കോവിഡ് അനുബന്ധ സാമഗ്രികളാണ്.
മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, പി.പി.ഇ കിറ്റ്, വൈറ്റമിൻ ഗുളികകൾ, പൾസ് ഒാക്സി മീറ്റർ എന്നിവയുടെ വിൽപനയും വിലയും കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ, േമയ് മാസങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇവയുടെ വിൽപന 40 ശതമാനത്തിൽ താഴെയാണ്. മുമ്പ് ഒരു മെഡിക്കൽ സ്റ്റോറിൽ ഒരു ദിവസത്തെ വിൽപനയുടെ 20 ശതമാനം സാനിറ്റൈസർ ആയിരുന്നെങ്കിൽ ഇപ്പോഴത് അഞ്ച് ശതമാനമായി കുറഞ്ഞു. ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവയുടെ ആവശ്യക്കാർ ആശുപത്രികൾ മാത്രമായി. മാസ്ക് ഇപ്പോഴും നിർബന്ധമാണെങ്കിലും പഴയ വിൽപനയില്ലെന്ന് വ്യാപാരികൾ പറയുന്നു.
വിൽപന ഇടിഞ്ഞതോടെ പല കോവിഡ് സാമഗ്രികൾക്കും വിലയും കുറഞ്ഞു. 1500 രൂപക്ക് വിറ്റിരുന്ന പൾസ് ഒാക്സി മീറ്റർ ഇപ്പോൾ 600^700 രൂപക്ക് കിട്ടും. 200 രൂപയിലധികം വാങ്ങി വിറ്റിരുന്ന 100 മില്ലി ലിറ്റർ സാനിറ്റൈസറിന് ജി.എസ്.ടി ഉൾപ്പെടെ 50 രൂപയായി. വൈറ്റമിൻ സി, മൾട്ടി വൈറ്റമിൻ ഗുളികകൾക്കും ഏതാനും മാസം മുമ്പുവരെ ആവശ്യക്കാർ ഏറെയായിരുന്നു. അതേസമയം, മാസ്ക് ശീലമായി തുടരുന്നതിനാൽ കോവിഡ് ഒഴികെ സാംക്രമിക രോഗങ്ങളുടെ വ്യാപനവും ഇതുമായി ബന്ധപ്പെട്ട മരുന്നുകളുടെ വിൽപനയും ഇപ്പോഴും വളരെ കുറവാണെന്ന് ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി പി.വി. ടോമി പറഞ്ഞു. കോവിഡ് ജാഗ്രത കുറഞ്ഞതോടെ ആദ്യ ഡോസ് വാക്സിൻ എടുക്കാൻ കാണിച്ച ഉത്സാഹം രണ്ടാം ഡോസിെൻറ കാര്യത്തിൽ ഇല്ലെന്നും അതിനാൽ രണ്ടാം ഘട്ടം മന്ദഗതിയിലാണ് നീങ്ങുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.