കോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച ചേമഞ്ചേരി സ്വദേശി യദുകൃഷ്ണ (18) ആറു പേർക്ക് ജീവന്റെ തുടിപ്പ് നൽകി അന്ത്യയാത്രയായി. പ്ലസ് ടു വിദ്യാർഥിയായ യദു ഈ മാസം എട്ടിന് വെങ്ങളം പാലത്തിലാണ് വാഹനാപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
കാസർഗോഡ് സ്വദേശി ആയ 33 വയസുകാരി നസീഫ ഇസ്മയിലിനാണ് യദുവിന്റെ ഹൃദയം നൽകിയത്. കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻ്ററിലെ ട്രാൻസ്പ്ലാൻറ് സർജനായ ഡോക്ടർ വി. നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ബേബി മെമോറിയൽ ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ച യദു കൃഷ്ണൻ്റെ ഹൃദയം പോലീസ് ഒരുക്കിയ ഗ്രീൻ ചാനൽ വഴി പത്തു മിനിറ്റിനകം മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻ്ററിൽ എത്തിക്കാൻ കഴിഞ്ഞു. കേരള സർക്കാരിൻ്റെ അവയ ദാന പദ്ധതിയായ മൃതസഞ്ജീവിനിയിലൂടെ ആണ് ഈ ഹൃദയം മാറ്റിവയ്ക്കൽ ശസത്രക്രിയ നടന്നത്. അവയവദാനത്തിൻ്റെ മഹത്വം ഉൾക്കൊണ്ട് നാലുപേർക്ക് പുതു ജീവൻ നൽകാൻ തീരുമാനിച്ച യദൂകൃഷ്ണൻ്റെ മാതാപിതാക്കളുടെ സന്മനസ്സ് ആദരിക്കപ്പെടേണ്ടതാണെന്ന് ഡോ. നന്ദകുമാർ അറിയിച്ചു.
കോഴിക്കോടിൻ്റെ ഹൃദയ ചികിത്സാരംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന മെട്രോ ഹോസ്പിറ്റൽ നടക്കുന്ന എട്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണിതെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി.പി മുഹമ്മദ് മുസ്തഫ അറിയിച്ചു. ശസ്ത്രക്രിയയിൽ മെട്രോ കാർഡിയാക് സെൻ്ററിലെ ഡോക്ടർമാരായ അശോക് ജയരാജ്, അബ്ദുൽ റീയാദ്, ജലീൽ, വിനോദ്, ലക്ഷ്മി എന്നിവര് പങ്കെടുത്തു
വൃക്കകളിലൊന്ന് കൊണ്ടോട്ടിയിലെ 40കാരനാണ് നൽകിയത്. 66 വയസ്സുള്ള രോഗിക്കാണ് കരൾ നൽകിയത്. ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലി, ഡോ. ജയമീന പി. എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. രവീന്ദ്രൻ സി, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ യദുകൃഷ്ണയുടെ അച്ഛൻ ചക്കിട്ടക്കണ്ടി മാണിക്യത്തിൽ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷ്മിക എന്നിവരടങ്ങിയ കുടുംബം അവയവങ്ങൾ ദാനംചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന് സർക്കാറിന്റെ മരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതർ ബന്ധപ്പെടുകയും സർക്കാർ അനുമതി ലഭിക്കുകയും ചെയ്തു. യോഗ്യരായ സ്വീകർത്താക്കളെയും പെട്ടെന്ന് കണ്ടെത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.