ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂനിറ്റ് ചരിത്ര നേട്ടമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് ചരിത്ര നേട്ടമാണെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂനിറ്റ്, ബേണ്‍സ് ഐസിയു എന്നിവയും യാഥാർഥ്യമായി. ഇതിന് പിന്നില്‍ വലിയ കഠിനാധ്വാനവും സമര്‍പ്പണവും ലക്ഷ്യബോധവുമുണ്ട്. നല്ലൊരു മാതൃകയാണിതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ആദ്യ ജെനിറ്റിക് വിഭാഗം ആരംഭിക്കും. പുതിയ ലാബുകള്‍ ഉള്‍പ്പെടെ അധിക സംവിധാനങ്ങള്‍ ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത് വഴിത്തിരിവാകും. എസ്.എ.ടിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ 10 ആശുപത്രികളുടെ കൂട്ടത്തിലാണ് എസ്.എ.ടി. ഉള്‍പ്പെട്ടിട്ടുള്ളത്.

ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്‌ട്രോക്ക് യൂനിറ്റ് 14.03 കോടി രൂപ ചെലവഴിച്ച് പ്രവര്‍ത്തസജ്ജമാക്കിയത്. സര്‍ക്കാര്‍ തലത്തില്‍ ആദ്യത്തേതാണ് സി.ടി. ആന്‍ജിയോഗ്രാം കാത്ത് ലാബ് ഉള്‍പ്പടെയുളള സമഗ്ര സ്‌ട്രോക്ക് യൂനിറ്റ്. ഇതോടൊപ്പം സ്‌ട്രോക്ക് ഐസിയുവും സജ്ജമാക്കിയെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി. ഉഷാ ദേവി, ആശുപത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Veena George called the comprehensive stroke unit including neuro cathlab a historic achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.