ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ് സംഭവം. നാല് മാസമായി ഇതാണ് സ്ഥിതിയെന്നാണ് പറയുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഫണ്ടിന്റെ അഭാവമാണ് കാരണമായി പറഞ്ഞത്.
അത്യാസന്ന നിലയിലുള്ള രോഗികളടക്കം കഴിയുന്ന ഐ.സി.യുവിൽ ടേബിൾ ഫാനിനെയാണ് രോഗികൾ ആശ്രയിക്കുന്നത്. പ്രശ്നം കഴിയുന്നതും വേഗത്തിൽ പരിഹരിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സ്ഥലം എം.എൽ.എ അഭിലാഷ് പാണ്ഡെ പറഞ്ഞു. അതേസമയം, മണ്ഡ്‍ല, ദിൻഡോരി അടക്കമുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാന സ്ഥിതിയാണെന്ന് ഹോസ്പിറ്റൽ സിവിൽ സർജൻ ഡോ. മനീഷ് മിശ്ര ചൂണ്ടിക്കാട്ടി.
അതേസമയം, ബി.ജെ.പി ഭരണത്തിലുള്ള മധ്യപ്രദേശിൽ ആരോഗ്യ രംഗത്തെ പരിതാപകരമായ സ്ഥിതി പരിഹരിക്കാൻ 30,000 ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ജില്ല ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഡോക്ടർമാരുടെയും പാരമെഡിക്കൽ സ്റ്റാഫിന്റെയും കുറവ് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.