ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപം കൊണ്ടു വരുമെന്ന് വീണ ജോർജ്

കൊച്ചി: ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മന്ത്രി വീണ ജോർജ്. ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഐ.പി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിന് കേന്ദ്ര ചികിത്സാ വകുപ്പിന്റെ കൂടി സഹകരണത്തോടെ പുതിയ പ്രൊപ്പോസൽ തയാറാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിൽ സർക്കാർ മേഖലയിൽ ഒരു ഗ്യാസ്ട്രോ സർജൻ, ന്യൂറോ സർജൻ എന്നിവരുടെ സേവനം ലഭ്യമല്ലെന്ന് ഹൈബി ഈഡൻ എം.പി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ജനറൽ ആശുപത്രിയിൽ ന്യൂറോ സർജനെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ജനറൽ ആശുപത്രിയിൽ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർ യോഗം ഉടൻ ചേരുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടം സംബന്ധിച്ചുണ്ടാകുന്ന കാലതാമസങ്ങളും പരാതികളും പരിഹരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകി. വ്യക്തിയുടെ ആരോഗ്യ സുരക്ഷ ഏർപ്പെടുത്തുന്നതിന് ആയുഷ് മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതാ നിവാരണ ക്ലിനിക്കായ ജനനി, ജീവിത ശൈലി രോഗങ്ങൾക്കുള്ള ആയുഷ്മാൻ ഭവ, കുട്ടികളുടെ ബൗദ്ധിക മാനസീക വികസനം ലക്ഷ്യമാക്കിയ സദ്ഗമയ, കിടപ്പു രോഗികൾക്ക് സാന്ത്വനവും പരിചരണവും നൽകുന്ന ചേതന, നാഷണൽ ആയുഷ് മിഷന്റെ പദ്ധതിയായ ആസ്തമ അല്ലർജി ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്.

ചടങ്ങിൽ ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Veena George said that health institutions in the AYUSH sector will be unified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.