റിയാദ്: ജീവകാരുണ്യ മേഖലയിലെ മികവിന് പേരുകേട്ട സൗദി അറേബ്യ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ നടത്തിയത് സയാമീസ് ഇരട്ടകളുടെ 54 വേർപിരിക്കൽ ശസ്ത്രക്രിയകൾ. മൂന്ന് വൻകരകളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 127 സയാമീസ് ഇരട്ടകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 54 പേർക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ആഗോള ചികിത്സ മേഖലയുടെയും ആരോഗ്യ രംഗത്തെ സംഘടനകളുടെയും പ്രശംസ നേടിയ ഈ ശസ്ത്രക്രിയയുടെ പൂർണമായ ചെലവ് വഹിക്കുന്നത് കെ.എസ്. റിലീഫ് എന്ന കിങ് സൽമാൻ എയ്ഡ് ആൻഡ് റിലീഫ് സെൻററാണ്. സൗദി റോയൽ കോർട്ട് ഉപദേശകനും കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅയാണ് 1990-ൽ ആരംഭിച്ച പ്രക്രിയക്ക് നേതൃത്വം നൽകുന്നത്.
ലോകമെമ്പാടുമുള്ള നിരവധി സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങൾക്കാണ് സൗദി ഭരണകൂടത്തിെൻറ ജീവകാരുണ്യ സംരംഭം വഴി ആശ്വാസം ലഭിച്ചത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ദിവസങ്ങൾക്ക് മുമ്പ് വേർപെടുത്തപ്പെട്ട യമനി സയാമീസുകളായ അബ്ദുല്ലയുടെയും സൽമാെൻറയും കുടുംബം. ആദ്യ ശസ്ത്രക്രിയയിലൂടെ 1992-ൽ വേർപെടുത്തപ്പെട്ട സുഡാൻ പൗരത്വമുള്ള സമയും ഹിബയും വേർപിരിയലിന് ശേഷം സൗദിയിൽ തന്നെ താമസിക്കുകയും ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും ചെയ്തു.
ആശങ്കയുടെയും പ്രയാസങ്ങളുടെയും സാഹചര്യങ്ങളിൽ പെട്ടുപോകുന്ന മനുഷ്യരിൽ പ്രത്യാശ പുനഃസ്ഥാപിക്കുകയും ശോഭനവും ആരോഗ്യകരവുമായ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം കൊണ്ടുവരികയും ചെയ്യുന്നതാണ് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയെന്ന് ഡോ. അബ്ദുല്ല അൽ-റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളുടെ മാതാപിതാക്കൾക്ക് ആതിഥ്യമരുളുന്നതിനു പുറമേ, പരിശോധനകൾ, ശസ്ത്രക്രിയ, ചികിത്സ, ശസ്ത്രക്രിയാനന്തര പുനഃരധിവാസം എന്നിവയുടെ എല്ലാ ചെലവുകളും വഹിക്കുന്നത് സൗദി അറേബ്യയാണെന്ന് ഡോ. റബീഅ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സയാമീസുകൾക്ക് ഉപകാരപ്പെടുന്ന സൗദി പദ്ധതിയാണിത്. വിദേശത്ത് നിന്ന് വരുന്ന ഇരട്ടകളുടെ മാതാപിതാക്കൾക്ക് കുട്ടികൾക്കൊപ്പം കഴിയാനും ചികിത്സ കാലയളവിൽ അവരെ പരിചരിക്കാനും സാധിക്കും.
ഗർഭധാരണത്തിെൻറ എട്ടാമത്തെയോ ഒമ്പതാമത്തെയോ ആഴ്‌ചയിലെ സ്കാനിങ്ങിലൂടെ സയാമീസ് നില അറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടകൾ പിറന്നാൽ ഏറെ വൈകാതെ ശസ്ത്രക്രിയ നടക്കേണ്ടതുണ്ട്. ഒട്ടിപ്പിടിച്ച ഭാഗം, കുഞ്ഞുങ്ങളുടെ ആരോഗ്യനില അടക്കമുള്ളവയിൽ വിദഗ്‌ധ പരിശോധനയും പഠനവും ആവശ്യമാണ്. ഇതിനാവശ്യമായ പരിശീലനം സിദ്ധിച്ച മെഡിക്കൽ സംഘമാണ് തന്നോടൊപ്പമുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
ശസ്ത്രക്രിയ പൂർത്തിയായാൽ തുടർ ചികിത്സയും പുനഃരധിവാസവും ആവശ്യമാണ്. ‘വേർപിരിയൽ പ്രത്യാഘാതം’ കുഞ്ഞുങ്ങൾ താങ്ങുന്നുണ്ടോ എന്നതടക്കമുള്ള നിരീക്ഷണവും വേണം. ജനിച്ചയുടനെയുള്ള മാസങ്ങളിൽ തന്നെ വേർപെടുത്തൽ നടക്കണം. വൈകുന്നത് മൂലം കുഞ്ഞുങ്ങൾ തമ്മിലുള്ള മാനസിക ബന്ധം വർധിക്കുകയും സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യാം -ഡോ. റബീഅ വ്യക്തമാക്കി. ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇക്കാര്യത്തിൽ നൽകുന്ന പിന്തുണ മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.