മോട്ടോര്‍സൈക്കിള്‍ എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ വരുന്നതെന്താണ്. ലക്ഷം രൂപ വിലവരുന്ന രണ്ട് വീലും ഇരിക്കാൻ സീറ്റും അൽപ്പസ്വൽപ്പം ശബ്ദവും ഒക്കെയുള്ള ഒരു വാഹനമാണോ? എന്നാലിനി പറയാൻ പോകുന്ന വിശേഷങ്ങൾ കേട്ടാൽ ആ സങ്കൽപ്പങ്ങളെല്ലാം മാറിമറിയും. ഇരുചക്ര വാഹനങ്ങളില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഫീച്ചറുകള്‍, കാറുകളെ പോലും പിന്നിലാക്കുന്ന യാത്രസുഖം എന്നിവയെല്ലാമുള്ള ഒരു അഡാറ് ഐറ്റമാണ് ഹോണ്ട ഗോൾഡ് വിങ്. അൾട്ടിമേറ്റ് ടൂറർ എന്ന് അറിയെപ്പടുന്ന ഗോൾഡ് വിങിന്‍റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ വിൽപ്പനക്ക് എത്തുകമാണ്. ഹോണ്ടയുടെ പ്രീമിയം ഡിലര്‍ഷിപ്പ് ശൃംഖലയായ ബിഗ്‌വിങ് ടോപ്പ് ലൈന്‍ വഴിയായിരിക്കും ഇന്ത്യയിലെ വില്‍പ്പന. ഗോൾഡ് വിങിന്‍റെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
ജപ്പാനില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. 39.20 ലക്ഷം രൂപയാണ് ഈ ആഡംബര ഭീമന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് കളര്‍ ഷേഡില്‍ ടി.സി.ടി. ട്രാന്‍സ്മിഷനിലെ വേരിയന്റാണ് ഇന്ത്യയില്‍ എത്തുന്നത്. ഗുരുഗ്രാം, കൊൽക്കത്ത, മുംബൈ, ബെംഗളൂരു, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ ഉപഭോക്താക്കൾക്ക് ഈ മുൻനിര ലക്ഷ്വറി ടൂറിംഗ് മെഷീൻ ബുക്ക് ചെയ്യാം.
ഫീച്ചറുകൾ
അത്യാധുനികവും സവിശേഷവുമായ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഗോള്‍ഡ് വിങ് ടൂററിന്റെ ഇത്തവണത്തെ വരവ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ഫുള്‍ കളര്‍ ടി.എഫ്.ടി. ഡിസ്‌പ്ലേ, ഫുള്‍ എല്‍.ഇ.ഡി. ലൈറ്റിങ്ങ് സിസ്റ്റം എന്നിവയാണ് ഈ വരവില്‍ ഗോള്‍ഡ് വിങില്‍ ഒരുക്കിയിട്ടുള്ള ചില സവിശേഷതകള്‍. റൈഡിങ്, നാവിഗേഷന്‍, ഓഡിയോ ഇന്‍ഫര്‍മേഷന്‍ തുടങ്ങിയവ ഈ ഡിസ്‌പ്ലേയില്‍ ലഭ്യമാകും.
റൈഡിങ്ങ് ടൈമില്‍ കാറ്റിനെ ഫലപ്രദമായ പ്രതിരോധിക്കുന്ന ഇലക്ട്രിക് സ്‌ക്രീന്‍, രണ്ട് യു.എസ്.ബി. ടൈപ്പ് സി സോക്കറ്റുകളുള്ള ബ്ലൂടൂത്ത് കണക്ട്വിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം(ടി.പി.എം.എസ്) എയര്‍ബാഗ് തുടങ്ങിയ നിരവധി സജ്ജീകരണങ്ങളും ഗോള്‍ഡ് വിങ്ങ് ടൂറില്‍ നല്‍കിയിട്ടുണ്ട്. ഡൈകാസ്റ്റ് അലുമിനിയം ട്വിന്‍-ബീം ഫ്രെയിമിലാണ് ഗോള്‍ഡ് വിങ്ങ് ഒരുങ്ങിയിട്ടുള്ളത്. മുന്നില്‍ ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും പിന്നില്‍ പ്രോ-ആം സ്വിങ്ആമുമാണ് നല്‍കിയിട്ടുള്ളത്.
എഞ്ചിൻ
124.7 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1833 സിസി, ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 24 വാൽവ്, ഫ്ലാറ്റ് സിക്സ് സിലിണ്ടർ എൻജിനാണ് പുതിയ ഗോൾഡ് വിങ് ടൂറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി (ഡിസിടി) എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സൗകര്യപ്രദമായ കുറഞ്ഞ വേഗതയ്‍ക്കായി ക്രീപ്പ് ഫോർവേഡ്, ബാക്ക് ഫംഗ്ഷനും ബൈക്കില്‍ ഹോണ്ട നല്‍കിയിട്ടുണ്ട്. ടൂർ, സ്‌പോർട്‌സ്, ഇക്കോണമി, റെയിൻ എന്നീ നാല് റൈഡിംഗ് മോഡുകൾക്കൊപ്പം ത്രോട്ടിൽ-ബൈ-വയർ സംവിധാനത്തോടെയാണ് പുതിയ ഗോൾഡ് വിംഗ് ടൂർ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.