ഇനിമുതൽ ഫ്ലിപ്പ് കാർട്ട് വഴിയും ഏഥർ ഇ.വി വാങ്ങാം; സെപ്റ്റംബർ വിൽപ്പനയിലും വൻ കുതിപ്പ്

വിൽപ്പനയിൽ വൻ വർധനയുമായി ഏഥർ ഇ.വി സ്കൂട്ടറുകൾ. 2022 സെപ്റ്റംബറിൽ 7,435 യൂനിറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റതായി ശനിയാഴ്ച ഏഥർ എനർജി പ്രഖ്യാപിച്ചു. 247 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. റാഞ്ചി, കൊൽക്കത്ത, മുംബൈ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ 4 പുതിയ എക്സ്പീരിയൻസ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 45 നഗരങ്ങളിൽ 55 എക്‌സ്‌പീരിയൻസ് സെന്ററുകളാണ് ഏഥറിനുള്ളത്.

വരും നാളുകളിൽ വിൽപ്പന തന്ത്രങ്ങളിലും കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ഇ.വി സ്കൂട്ടറുകൾ വിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏഥർ 450X മൂന്നാം തലമുറ മോഡൽ സ്കൂട്ടർ ഫ്ലിപ്കാർട്ടിൽ വിൽക്കും. ആദ്യ ഘട്ടത്തിൽ ഡൽഹി എൻസിആറിൽ മാത്രമാകും സ്കൂട്ടറുകൾ ലഭ്യമാവുക. പൈലറ്റ് പദ്ധതി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആതർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് എസ്. ഫൊകെല പറഞ്ഞു. ഓഗസ്റ്റിൽ ഏഥർ 6,410 യൂനിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

മൂന്നാം തലമുറ ഇ.വി

ഏഥർ അടുത്തിടെ തങ്ങളുടെ മൂന്നാം തലമുറ ഇ.വി സ്കൂട്ടർ അവതരിപ്പിച്ചിരുന്നു. ജെൻ 3 പതിപ്പിലെ ഏറ്റവും വലിയ പരിഷ്കാരം പുതിയ ബാറ്ററി പായ്ക്കാണ്. ഇത് രണ്ടാം തലമുറ മോഡലിനേക്കാൾ 25 ശതമാനം വലുതാണെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻ മോഡലിലെ 2.9kWh യൂനിറ്റിന് പകരം ഇപ്പോൾ 3.7kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇക്കോ മോഡിൽ 105 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് വാഹനം നൽകുമെന്ന് ഏഥർ അവകാശപ്പെടുന്നു. മുമ്പ് ഇത് 85 കിലോമീറ്ററായിരുന്നു. ടെസ്റ്റ് കണ്ടീഷനിൽ സ്കൂട്ടർ നൽകിയ റേഞ്ച് 146 കിലോമീറ്റർ ആണെന്നതും എടുത്തുപറയേണ്ടതാണ്.

നിലവിലുള്ള യൂനിറ്റിനെ അപേക്ഷിച്ച് ഈ ബാറ്ററിക്ക് 25 ശതമാനം ആയുസ്സും തെർമൽ മാനേജ്‌മെന്റിൽ പ്രകടമായ പുരോഗതിയും ഉണ്ടാകുമെന്നും ഏഥർ അവകാശപ്പെടുന്നു. വലിയ ബാറ്ററി പായ്ക്ക് ഭാരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്കൂട്ടറിന്റെ ഭാരം 3.6 കിലോഗ്രാം വർധിച്ചു. പവർ ഔട്ട്പുട്ട് 6.2kW അല്ലെങ്കിൽ 8.7 bhp ആയി തുടരുമ്പോൾ റൈഡിങ് മോഡുകളിൽ അഞ്ച് ലെവലുകൾ ഉൾപ്പെടുന്നു. ഇക്കോ, റൈഡ്, സ്പോർട്ട്, വാർപ്പ്, എന്നിവയെക്കൂടാതെ പുതുതായി സ്മാർട്ട് ഇക്കോ മോഡും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് സ്പീഡ് മുമ്പത്തെ 80kphൽ നിന്ന് 90kph ആയി ഉയർന്നു.

ടയറുകൾക്ക് മികച്ച ഗ്രിപ്പ്

മറ്റ് അപ്‌ഡേറ്റുകളിൽ പ്രധാനം മികച്ച ഗ്രിപ്പ് നൽകുമെന്ന് അവകാശപ്പെടുന്ന വിശാലമായ 90/90-12 ഫ്രണ്ട് & 100/80-12 റിയർ ടയറുകളാണ്. നനഞ്ഞ അവസ്ഥയിൽ മികച്ച ഗ്രിപ്പ് നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പരിഷ്‌കരിച്ച ത്രെഡ് പാറ്റേണും ടയറുകൾക്ക് ലഭിക്കും. പുതിയ ട്യൂബ്‌ലെസ് ടയറുകളിൽ ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റവുമുണ്ട്. മികച്ച ടയറുകൾ പഴയ മോഡലുകളേക്കാൾ ബ്രേക്കിങ് ദൂരം കുറയ്ക്കുമെന്നും ഏഥർ അവകാശപ്പെടുന്നു.

മാറ്റമില്ലാതെ ഡിസൈൻ

ഡിസൈനിന്‍റെ കാര്യത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇലക്ട്രിക് സ്‍കൂട്ടറിന് വലിയ റിയർ വ്യൂ മിററുകൾ ലഭിക്കുന്നുണ്ട്. വൈറ്റ്, സ്പേസ് ഗ്രേ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും. 7.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങളുണ്ട്. പഴയ ഒരു ജി.ബി റാമിനുപകരം രണ്ട് ജി.ബിയാണ് പുതിയ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആപ്ലിക്കേഷനുകൾക്ക് കൂടുതൽ സ്ഥലം ലഭിക്കും.

ഒരു വശത്തേക്ക് തിരിഞ്ഞിരിക്കാൻ താൽപ്പര്യപ്പെടുന്ന പിൻ യാത്രക്കാർക്കായി പുതിയ സൈഡ് സ്റ്റെപ്പും അവതരിപ്പിച്ചിട്ടുണ്ട്. സിംഗിൾ-കാസ്റ്റ് അലുമിനിയം കൊണ്ടാണ് പുതിയ സൈഡ് സ്റ്റെപ്പ് നിർമിച്ചിരിക്കുന്നത്. ഏപ്രൺ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, സ്ലീക്ക് എൽ.ഇ.ഡി ഡി.ആർ.എൽ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, എൽ.ഇ.ഡി ലൈറ്റിംഗോടുകൂടിയ 22-ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയെല്ലാം അതുപോലെ തുടരുന്നുണ്ട്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, രണ്ട് വീലുകളിലും സിംഗിൾ ഡിസ്‌ക് ബ്രേക്കുകൾ, കമ്പയിൻഡ് ബ്രേക്കിങ് സിസ്റ്റം, ബെൽറ്റ്-ഡ്രൈവ് സിസ്റ്റം എന്നിവ നിലനിർത്തിയിട്ടുണ്ട്.

വില വർധിച്ചു

1.39 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി, എല്ലാ സബ്‌സിഡികൾക്കും ശേഷം) ജെൻ മൂന്ന് ഏഥർ 450 എക്സിന്റെ വില. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ ഡൽഹിയിൽ 1,000 രൂപ മാത്രമാണ് വർധിക്കുന്നത്. വ്യത്യസ്ത സംസ്ഥാന സബ്‌സിഡികൾ കാരണം, ജെൻ മൂന്നിന്റെ വില വ്യത്യാസം 1,000 രൂപ മുതൽ 7,000 രൂപ വരെ ഈ മാറ്റം അനുഭവ​െപ്പടാം. രാജ്യത്തുടനീളം ശരാശരി 5,000 രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. 41 റീട്ടെയിൽ സ്റ്റോറുകളുമായി 36 നഗരങ്ങളിലേക്ക് അതിന്റെ റീട്ടെയിൽ ശൃംഖലയും കമ്പനി വിപുലീകരിച്ചു. 2023ല്‍ 100 നഗരങ്ങളിലെ 150 എക്സ്പീരിയൻസ് സെന്ററുകളിലേക്ക് ഏഥർ പ്രവർത്തനം വ്യാപിപ്പിക്കും.

Tags:    
News Summary - Ather Energy sells 7,435 electric scooters in September, records 247% YoY growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.