രാജ്യത്തെ എസ്.യു.വി നിരയിലേക്ക് പുതിയൊരു വാഹനംകൂടി എത്തി. ഫ്രഞ്ച് കമ്പനിയായ സിട്രണിന്റെ സി 3 എയർക്രോസ് ആണ് പുതുതായി അവതരിപ്പിക്കപ്പെട്ടത്. മിഡ്-സൈസ് എസ്.യു.വി നിരയിലേക്കാണ് സി 3 എയർക്രോസ് എത്തുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാക് തുടങ്ങി എതിരാളികളുടെ നീണ്ട നിരയാണ് സി 3 എയർക്രോസിനെ കാത്തിരിക്കുന്നത്.
സി 3 എയർക്രോസിന്റെ ആഗോള അരങ്ങേറ്റമാണ് ഇന്ത്യയിൽ നടന്നത്. 2023 പകുതിക്കുശേഷമായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. 2021-ലാണ് സിട്രൺ ആദ്യ ഉൽപ്പന്നമായ സി5 എയർക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീട് സി3 ഹാച്ചും, ഇസി3 ഇ.വിയും അവതരിപ്പിച്ചു. സി3 എയർക്രോസ് കമ്പനിയുടെ നാലാമത്തെ ഇന്ത്യൻ ഉത്പ്പന്നമാണ്.
5, 7 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുകളോടെയാണ് പുതിയ സി3 എയർക്രോസിന്റെ വരവ്. സാധാരണക്കാരെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ സി3 പ്രീമിയം ഹാച്ചിനെ അടിസ്ഥാനമാക്കിയാണ് സിട്രൺ സി3 എയർക്രോസ് നിർമിച്ചിരിക്കുന്നത്. വാഹനത്തിന്റെ ലൈറ്റിങ് സി3 ഹാച്ച്ബാക്കിന് സമാനമാണ്. എന്നാൽ ഫ്രണ്ട് ഗ്രിൽ, എയർ ഡാം, സ്കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ തുടങ്ങിയ മറ്റ് ഘടകങ്ങൾ തീർത്തും വ്യത്യസ്തമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. അലോയ് വീലുകളിലെ പെന്റഗണൽ പാറ്റേണും എസ്.യു.വിക്ക് യോജിച്ചതാണ്.
ഫിയറ്റ് കാറുകളിലും ഉപയോഗിക്കുന്ന സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് നിർമാണം. 4.3 മീറ്റർ നീളമുള്ള വാഹനത്തിന് 2671 എം.എം വീൽബേസും 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 5 സീറ്റർ വേരിയന്റിന് 511 ലിറ്ററാണ് ബൂട്ട് സ്പേസ്. മൂന്നാംനിര സീറ്റുകൾ ഉള്ളതിനാൽ ഈ വേരിയന്റിൽ ബൂട്ട് സ്പെയ്സ് തുച്ഛമാണ്. എന്നാൽ സീറ്റുകൾ മടക്കിയിട്ടാൽ 7 സീറ്റർ പതിപ്പിലും 500 ലിറ്ററോളം ബൂട്ട്സ്പെയ്സ് ലഭിക്കും.
പൂർണമായ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ സിട്രൺ സി3 എയർക്രോസ് വാഗ്ദാനം ചെയ്യുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഡാഷ്‌ബോർഡ് ഡിസൈനും ഉള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്. ഇന്റർനെറ്റ് കണക്റ്റഡ് സ്മാർട്ട് ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും വാഹനത്തിലുണ്ട്. മൈ സിട്രൺ കണക്‌ട് ആപ്പ് വഴി ഇവ സജ്ജീകരിക്കാനാവും.
എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ യാത്രക്കാർക്ക് ബ്ലോവർ കൺട്രോളിനൊപ്പം റൂഫ് മൗണ്ടഡ് എസി വെന്റുകളുണ്ടാകും. മൂന്നാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിങ് പോർട്ടുകളും നൽകുന്നുണ്ട്.
സി3 എയർക്രോസിനുള്ള എഞ്ചിൻ ഓപ്ഷനുകൾ സി3 ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്തതാണ്. 110 bhp നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന് തുടിപ്പേകുക. ഗിയർബോക്‌സ് ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നവ തെരഞ്ഞെടുക്കാനാവും.
സുരക്ഷക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പാർക്കിങ് സെൻസറുകളുള്ള റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനുള്ള ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.