ഷാർജ: പഴയ നിരത്തുകളിൽ ഓടി നേടിയ മെയ് കരുത്തുമായി പുതിയ നിരത്തുകളിൽ വിസ്മയം തീർക്കാനെത്തുകയാണ് ലോകത്തെ മോഹിപ്പിച്ച് കൊണ്ടിരിക്കുന്ന ഷാർജയിലെ ക്ലാസിക് കാറുകൾ. ഒരു നൂറ്റാണ്ടു മുമ്പ് നിരത്തിലെത്തിയ കാറുകൾ മുതൽ കാണാനും ലേലത്തിൽ വാങ്ങാനുമുള്ള അവസരമാണ് വാഹന പ്രമികളെ കാത്തിരിക്കുന്നത്.
1915ൽ പുറത്തിറങ്ങിയ ഡോഡ്ജാണ് കൂട്ടത്തിലെ മിന്നും താരം. ഷാർജ അന്താരാഷ്ട്ര വിമാന താവളത്തിനു അടുത്തായിട്ടാണ് പഴയ കാറുകളുടെ പുതിയ മ്യൂസിയം പ്രവർത്തിക്കുന്നത്. ഇവ വെറും പഴയ കാറുകൾ മാത്രമല്ല ഒരു പാട് ചരിത്രങ്ങളുമായി നാടു ചുറ്റിയ ഖ്യാതി കൂടിയുണ്ട് കൂട്ടിന്. രാജ്യം നേടിയ പുരോഗതിയെ കുറിച്ച് അവ നിറുത്താതെ ചലിച്ച് പറഞ്ഞുകൊണ്ടിരിക്കും. ക്ലാസിക് കാറുകൾക്ക് നിയമങ്ങൾ പാലിച്ച് നിരത്തുകളിലേക്ക് പ്രവേശിക്കുവാനുള്ള അനുമതിയുണ്ട് യു.എ.ഇയിൽ. പുത്തൻ വാഹനങ്ങളുടെ വേഗതകൾക്കിടയിൽ പഴമ കൊണ്ട് പുത്തൻ ഗമകൾ കാട്ടുന്ന ഈ കാറുകൾ ഷാർജയുടെ പ്രാധാന നിധി ശേഖരമാണ്.
ക്ലാസിക് വിൻറേജ് ഓട്ടോമൊബൈലുകൾക്കായുള്ള തങ്ങളുടെ ആദ്യത്തെ ഓൺലൈൻ ലേലം ആരംഭിക്കാൻ ഒരുങ്ങുക്കയാണ് എമിറേറ്റ്സ് ഓക്ഷൻസ്. ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെയാണ് ലേലം. ഷാർജ ഓൾഡ് കാർസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അപൂർവവും വിലപിടിപ്പുള്ളതുമായ 40ലധികം വലിയ ബ്രാൻഡ് വാഹനങ്ങൾ ലേലം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ചരിത്രപരമായി പ്രാധാന്യമുള്ള മോഡലുകൾക്ക് പുറമേ, വിന്റേജ് ഓട്ടോമൊബൈലുകൾ, ഫോർ വീൽ വാഹനങ്ങൾ, ക്ലാസിക് കാറുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വാഹനങ്ങൾ ലേലത്തിൽ അവതരിപ്പിക്കും. ഫെസ്റ്റിവൽ സന്ദർശിക്കാൻ കഴിയാത്തവർക്ക്, എമിറേറ്റ്സ് ലേലത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ലേലത്തിൽ പങ്കെടുക്കാമെന്ന് അധികൃതർ പറഞ്ഞു. എമിറേറ്റ്സ് ലേലവുമായി സഹകരിച്ച് വിന്റേജ് ഓട്ടോമൊബൈലുകൾക്കായി ആദ്യമായി ഇലക്ട്രോണിക് ലേലം നടത്തുന്നത് മേഖലയിലെ വിദഗ്ധരുമായും ഓഹരി ഉടമകളുമായും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷാർജ ഓൾഡ് കാർസ് ക്ലബ് എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് മുഹമ്മദ് ബിൻ അഷൂർ പറഞ്ഞു.
ക്ലാസിക് കാറുകളുടെ ആഗോള ലക്ഷ്യസ്ഥാനമായി ഷാർജ എമിറേറ്റിനെയും യു.എ.ഇയെയും അവതരിപ്പിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ശ്രമങ്ങൾ ഏകീകരിക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും നൂതനവും സുതാര്യവുമായ ബിഡ്ഡിങ് സംവിധാനങ്ങളിലൂടെ ക്ലാസിക് വാഹനങ്ങൾ സ്വന്തമാക്കാൻ എല്ലാവർക്കും അവസരം നൽകുന്നത്തിലൂടെ ഈ ഓൺലൈൻ ലേലങ്ങൾ ഫെസ്റ്റിവലിന്റെ മൂല്യം വർദ്ധിപ്പിക്കുമെന്നും, അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ വിന്റേജ് വാഹന പ്രേമികൾക്കിടയിൽ യു.എ.ഇയുടെ ക്ലാസിക് കാർ മേഖല കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്ന് എമിറേറ്റ്സ് ലേലത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഉമർ മതാർ അൽമന്നായ് പറഞ്ഞു.
അസാധാരണമായ ജനപങ്കാളിത്തത്തിനും ക്ലാസിക് കാർ ശേഖരിക്കുന്നവർക്കുമിടയിൽ ശക്തമായ മത്സരത്തിനും ലേലം സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ ലേലത്തിലൂടെ കാർ സ്വന്തമാക്കുന്നവർക്ക് ഫെസ്റ്റിവൽ സന്ദർശിച്ച് കാറിന്റെ പൂർണ്ണമായ സാങ്കേതിക റിപ്പോർട്ട് പരിശോധിച്ച്, സവിശേഷതകളും ചരിത്രവും പ്രാധാന്യവും ഉൾപ്പെടുന്ന ഓൺ-സൈറ്റ് വാഹന പരിശോധന നടത്താവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാർജ ഓൾഡ് കാർസ് ക്ലബ്ബുമായി സഹകരിക്കുന്നതിലുള്ള തന്റെ സന്തോഷം രേഖപ്പെടുത്തി അൽമന്നാഇ പറഞ്ഞു.
1915ൽ പുറത്തിറങ്ങിയ ഡോഡ്ജ് എന്ന കാറാണ് മ്യൂസിയത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലാസിക് വാഹനം. 1918ൽ നിർമ്മിച്ച ഫോർഡ് കാറും ഒരു നൂറ്റാണ്ട് മുൻപ് തന്നെ ശബ്ദമില്ലാത്ത എഞ്ചിനുമായി പുറത്തിറങ്ങിയ റോൾസ്റോയ്സ് കാറും മ്യൂസിയത്തിലെ പ്രധാന ആകർഷകങ്ങളാണ്.അതതു ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി തൊട്ട് വൈകുന്നേരം ആറു വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.