കൊച്ചി: ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈസൈക്കിൾ വിപണിയിലിറക്കി. അർബൻസ്പോർട്ട്, അർബൻസ്പോർട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാകും. സൈക്കിളിന്റെ ബുക്കിങ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.
അർബൻസ്പോർട്ടിന് 59,999 രൂപയും അർബൻസ്പൊർട്ട് പ്രോയ്ക്ക് 69,999 രൂപയുമാണ് വില. വൈറ്റ്, യെല്ലോ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന വാൻ ഇ-ബൈക്കുകൾ പ്രാരംഭഘട്ടത്തിൽ കൊച്ചിയിലാകും വിൽക്കുക. പിന്നാലെ ഗോവ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ബെനെല്ലിയുടെ ഡിസൈൻ
ബെനെല്ലിയുടെ ഇ-ബൈക്ക് വിഭാഗമാണ് വാൻ ഇ.വി ഡിസൈൻ ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞ, 6061 അലൂമിനിയം യൂണിസെക്സ് ഫ്രെയിം, സാഡിൽ, റിമ്മുകൾ, ഹാൻഡില്ബാർ എന്നിവ ഇരുവാഹനങ്ങളുടെയും പ്രത്യേകതകളാണ്. ഇരു മോഡലുകൾക്കും 7-സ്പീഡ് ഷിമാനോ ഡീറെയിലർ ഗിയറുകൾ, മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കുകൾ, സ്പിന്നർ യുഎസ്എ മുൻ ഷോക്കുകൾ എന്നിവയുണ്ട്. പിൻവീലിന്റെ ഹബ്ബിൽ മൗണ്ട് ചെയ്ത 250 വാട്ട് ഇലക്ട്രിക്ക് മോട്ടോറാണ് കരുത്തുപകരുന്നത്.
7.5 എഎച്ച്, 48 വോൾട്ട്, റിമൂവബിൾ ബാറ്ററിയാണ്. 2.5 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ബാറ്ററി പൂർണ്ണമായും ചാർജ് ആവാൻ 4 മണിക്കൂറെടുക്കും. നാല് മുതൽ അഞ്ച് രൂപയുടെ വൈദ്യുതി മാത്രമാകും ഒരു പൂർണ്ണ ചാർജ്ജിങ്ങിനു വേണ്ടി വരുക. വ്യത്യസ്ത ഗിയർ ലെവലുകളും വാൻ ഈ വാഹനങ്ങളിൽ നൽകിയിട്ടുണ്ട്. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കുവാനാകും. പൂർണ്ണമായും പെഡൽ അസിസ്റ്റ് മോഡിൽ 60 കിലോമീറ്ററോളം റേഞ്ചും ഇവ നല്കും.
സ്മാർട്ട് എൽസിഡി സ്ക്രീൻ
റൈഡർക്ക് അവശ്യ വിവരങ്ങൾ നല്കുന്ന സ്മാർട്ട് എൽസിഡി സ്ക്രീനും അർബൻസ്പോർട്ടിന്റെ പ്രത്യേകതയാണ്. ഇതിലൂടെ മുന്നിലെയും പിന്നിലെയും ലൈറ്റുകളും പ്രവർത്തിപ്പിക്കാനാവും. അർബൻസ്പോർട്ട് എന്ന ബേസ് വേരിയന്റിൽ 20 ഇഞ്ച് സ്പോക് വീലുകളും 15 കിലോയോളം ഭാരം വഹിക്കാവുന്ന പിൻ ക്യാരിയറും ഉണ്ട്. കൂടുതൽ സ്റ്റൈലിഷായ അർബൻസ്പോർട്ട് പ്രോയിൽ അലോയ് വീലുകൾ, പിൻ വീലിന്റെ ഹബ്ബിൽ ഇന്റഗ്രേറ്റ് ചെയ്ത മോട്ടോർ എന്നിവയുണ്ട്.
'2000 യൂണിറ്റുകളാണ് കൊച്ചിയിലെ പ്ലാന്റിന്റെ പ്രതിമാസ ഉത്പാദനശേഷി. പ്രാരംഭഘട്ടത്തിൽ 8000-10,000 യൂണിറ്റുകളുടെ വാർഷിക വില്പനയാണ് വാൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ യുവാക്കളെ ആണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇണങ്ങുന്ന 3 ഡ്രൈവ് മോഡുകൾ അർബൻസ്പോർട്ടിനെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമാക്കി മാറ്റും'. വാൻ ഇലക്ട്രിക്ക് മൊബിലിറ്റിയുടെ സിഇഒയും ഫൗണ്ടറുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.