ടൂറർ വിഭാഗത്തിൽപെട്ട പുതിയ ബൈക്ക് അവതരിപ്പിച്ച് ഹോണ്ട മോട്ടോഴ്സ്. സിബി 500 എക്സ് ആണ് ഇന്ത്യയിൽ വിപണിയിലെത്തിയത്. മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന ഭാരം കുറഞ്ഞ അഡ്വഞ്ചർ ടൂററാണ് ഹോണ്ട സിബി 500 എക്സ്.
എഞ്ചിൻ, ഗിയർബോക്സ്
471 സിസി, പാരലൻ ട്വിൻ, ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ബൈക്കിന് കരുത്തുപകരുന്നത്. ഇത് 47.5 എച്ച്പി കരുത്തും 43.2 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കെടിഎം 390 അഡ്വഞ്ചറിന് സമാനമാണ് പേപ്പറിലെ കരുത്ത്. അധിക സി.സിയും രണ്ട് സിലിണ്ടറുകളും ഉള്ളതിനാൽ ക്രൂസിങ് അനായാസമാകുമെന്ന മേന്മയുണ്ട്. ആറ് സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചുകളും വാഹനത്തിന് പറ്റിയ കോമ്പിനേഷനാണ്.
പരമ്പരാഗത 41 എംഎം ഫോർക്, പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക് സസ്പെൻഷനാണ് വാഹനത്തിന്. 181 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഏത് പ്രതിബന്ധങ്ങളേയും താണ്ടാൻ വാഹനത്തെ പ്രാപ്തമാക്കും. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകൾ ലഭിക്കും. ഇരിപ്പിടത്തിന്റെ ഉയരം 830 മിമി ആണ്. മുൻവശത്ത് 310 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. ഇരട്ട-ചാനൽ എബിഎസിനൊപ്പം, സിബി 500 എക്‌സിനും എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ഇഎസ്എസ്) ലഭിക്കും. 197 കിലോഗ്രാം ആണ് ഭാരം.
ഫീച്ചറുകൾ
സിബി 500 എക്സിലെ ലൈറ്റിങ് കൈകാര്യം ചെയ്യുന്നത് എൽ.ഇ.ഡികളാണ്. ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം (എച്ച്ഐഎസ്എസ്) ഉപയോഗിച്ചുള്ള മോഷണ പ്രതിരോധ സംവിധാനവുമുണ്ട്. എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഗിയർ, എഞ്ചിൻ താപനില, മറ്റ് അടിസ്ഥാന വിവരങ്ങൾ എന്നിവ ഇവിടെ കാണാം. ഉയരമുള്ള വിൻഡ്‌സ്ക്രീനും പ്രത്യേകതയാണ്. 6.87 ലക്ഷം വിലയുമായി ബെനെല്ലി ടിആർകെ 502 (4.8 ലക്ഷം രൂപ), സുസുക്കി വി-സ്ട്രോം 650 എക്‌സിടി (8.84 ലക്ഷം രൂപ) എന്നിവയ്ക്കിടയിലാണ് ബൈക്കിന്‍റെ സ്ഥാനം. രണ്ട് നിറങ്ങളിൽ വാഹനം ലഭ്യമാണ്, ഗ്രാൻഡപ്രീ റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്. ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ് വിങ് ഡീലർമാരിൽ നിന്ന് ബുക്കിങ് നടത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.