160 സി.സി വിഭാഗത്തിൽ മൂന്നാമത്തെ ബൈക്കും പുറത്തിറക്കി ഹോണ്ട. എസ്.പി 160 എന്ന് പേരിട്ടിരിക്കുന്ന മോഡലിന്‍റെ വില 1,17,500 രൂപ മുതൽ 1,21,900 വരെയാണ്. വിലയിൽ യൂണികോണിനും എക്സ് ബ്ലേഡിനും ഇടയിലാണ് എസ്.പി 160 ഇടംപിടിച്ചിരിക്കുന്നത്. എൻട്രി ലെവൽ കമ്മ്യൂട്ടർ ശ്രേണിയിലെ ഹീറോ മോട്ടോകോർപിന്റെ ആധിപത്യം തകർക്കുകയാണ് പുതിയ ബൈക്കിലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്.
ബജാജ് പൾസർ, ടിവിഎസ് അപ്പാഷെ, യമഹ എഫ് ഇസഡ്, ഹീറോ എക്സ്ട്രീം 160R, സുസുകി ജിക്‌സർ പോലുള്ള ഘടാഘടിയന്മാർ വാഴുന്ന വിഭാഗമാണ് 160 സി.സി. സിംഗിൾ ഡിസ്‌ക്, ട്വിൻ ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട എസ്.പി160 എത്തുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ എസ്.പി 160 അതിന്റെ ചെറിയ പതിപ്പായ എസ്.പി 125 ന് സമാനമാണ്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള അഗ്രസീവ് കൗൾ, ടാങ്ക് ആവരണങ്ങളുള്ള മസ്‌കുലർ ഫ്യുവൽ ടാങ്ക്, നീളമുള്ള സിംഗിൾ പീസ് സീറ്റ് എന്നിവയെല്ലാം ആകർഷകമാണ്.
യൂനികോണിനേക്കാൾ പ്രീമിയം ഫീലാണ് വാഹനം നൽകുന്നത്. എൽഇഡി ലൈറ്റിംഗിന് പുറമെ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ലഭിക്കുന്നതും ബൈക്കിനെ യൂനികോണിൽ നിന്നും വേറിട്ടു നിർത്തുന്നുണ്ട്. എൽസിഡി ഡിസ്പ്ലേയുടെ വലിപ്പം കുറവാണെങ്കിലും കൂടുതൽ വിവരങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്നതാണ്.
സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയ്‌ക്ക് പുറമേ, ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട ഡാറ്റയും ഡിസ്പ്ലേയിൽ ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയില്ല. യൂനികോണിന്റെ അതേ എഞ്ചിനും ഷാസിയും അടിസ്ഥാനമാക്കിയുള്ള ബൈക്കാണിത്. എയർ-കൂൾഡ് 162 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് എസ്.പി 160 പതിപ്പിന് തുടിപ്പേകുന്നത്.
യൂനികോണിന്റെ അതേ പവർഔട്ട്പുട്ട് കണക്കുകളുമാണ് മോട്ടോർസൈക്കിളിനുള്ളത്. 13.5 bhp കരുത്തിൽ പരമാവധി 14.6 Nm ടോർക് വരെ എഞ്ചിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് ഗിയർബോക്‌സാണ്. സസ്പെഷൻഷനായി മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹോണ്ട ഉപയോഗിക്കുന്നത്. മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് ചുമതലകൾ വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും.
ബ്രേക്കിങിനായി മുൻവശത്ത് 276 എം.എം ഡിസ്കും പിന്നിൽ 220 എം.എം ഡിസ്കും അല്ലെങ്കിൽ 130 എം.എം ഡ്രമ്മുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ഹോണ്ട യുനികോണിനെ വിപണിയിൽനിന്ന് പിൻവലിക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.