തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധികൃത്യമായി പാലിക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും മന്ത്രി. പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുത്.
വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്. വാഹനങ്ങളില്‍ മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുത്.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം. ഫൈന്‍ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. അല്ലാതെ ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറുന്ന നടപടിയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.