ജിക്സറിനും വി-സ്ട്രോമിനും ക്യാഷ്ബാക്ക്, എക്സ്റ്റന്‍ഡഡ് വാറന്‍റി; വമ്പൻ ഓഫറുകളുമായി സുസുക്കി

ബൈക്കുകൾ നിരത്തുകൾ കീഴടക്കിയ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മികച്ച സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചാണ് സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യൻ വിപണിയില്‍ നിറസാന്നിധ്യമായത്. സുസുക്കി ആക്‌സസ് എന്ന ജനപ്രിയ മോഡലിനൊപ്പം ബര്‍ഗ്മാന്‍ 125 കൂടി അവതരിപ്പിച്ച് തങ്ങളുടെ വിപണി മെച്ചപ്പെടുത്താന്‍ സുസുക്കിക്കായി. ജിക്സര്‍ സീരീസിലൂടെ ബൈക്ക് വിഭാഗത്തിലും തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാൻ സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ജിക്സര്‍, ജിക്സര്‍ എസ്.എഫ്, വി-സ്‌ട്രോം എസ്.എക്‌സ് ബൈക്കുകള്‍ക്ക് ക്യാഷ്ബാക്ക്, എക്‌സ്‌ചേഞ്ച്, എക്സ്റ്റന്‍ഡഡ് വാറന്‍റി എന്നിങ്ങനെ പ്രത്യേക ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് കമ്പനി.

വി-സ്‌ട്രോം എസ്.എക്‌സ് അഡ്വഞ്ചര്‍ ബൈക്ക് വാങ്ങാന്‍ എത്തുന്നവര്‍ക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും 6,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഇതേ ഓഫര്‍ ജിക്സര്‍, ജിക്സര്‍ എസ്.എഫ് എന്നിവയ്ക്കും ബാധകമാണ്. ജിക്സര്‍ 250, ജിക്സര്‍ എസ്.എഫ് 250 എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ മോട്ടോര്‍സൈക്കിളുകളും 10 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും സുസുക്കി നല്‍കുന്നുണ്ട്. കൂടാതെ 100 ശതമാനം വരെ ഫിനാന്‍സും ടൂവീലറുകള്‍ക്ക് ലഭിക്കും.

ആകര്‍ഷകമായ ഭംഗിയും കരുത്തും കൊണ്ട് യുവാക്കള്‍ക്കിയില്‍ തരംഗമായി മാറിയ സുസുക്കി വി-സ്‌ട്രോം എസ്.എക്‌സ് അഡ്വഞ്ചറില്‍ 26.1 ബി.എച്ച്.പിയും 22.2 എന്‍.എം ടാര്‍ക്കും നല്‍കുന്ന 249 സി.സി, ഓയില്‍ കൂള്‍ഡ്, സിംഗ്ള്‍ സിലിണ്ടര്‍ എൻജിനാണ് തുടിപ്പേകുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എൻജിന്‍ ജോടിയാക്കിയിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട് അലോയ് വീലും 17 ഇഞ്ച് റിയര്‍ അലോയ് വീലുമാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

സുഖമമായ ബ്രേക്കിംഗിനായി 300 എം.എം ഫ്രണ്ട് ഡിസ്‌കും 220 എം.എം റിയര്‍ ഡിസ്‌ക്കുമാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസും ലഭിക്കുന്നതിനാല്‍ സുരക്ഷ ആശങ്കയാവുകയേയില്ല. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് ചാമ്പ്യന്‍ യെല്ലോ, പേള്‍ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. സുസുക്കി വി-സ്‌ട്രോം എസ്.എക്‌സ് അഡ്വഞ്ചറിന് ഇന്ത്യയില്‍ 2.11 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Tags:    
News Summary - Special Offers for Suzuki Bikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.