ടെസ്‍ലയെ പൂട്ടാൻ ഹ്യുണ്ടായ്; ആദ്യ വൈദ്യുത സെഡാൻ അവതരിപ്പിച്ചു

ടെസ്‌ല ആധിപത്യം പുലർത്തുന്ന വൈദ്യുത വാഹന വിപണിയിൽ ഇടം നേടാനുറച്ച് ഹ്യുണ്ടായ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സെഡാൻ, അയോണിക് 6, ദക്ഷിണ കൊറിയയിൽ പുറത്തിറക്കി. 610 കിലോമീറ്റർ (380 മൈൽ) റേഞ്ചുമായാണ് അയോണിക് 6 എത്തുന്നത്. നേരത്തേ അയോണികിന്റെ ക്രോസോവർ പതിപ്പ് ഹ്യുണ്ടായ് അവതരിപ്പിച്ചിരുന്നു. ക്രോസോവറിനേക്കാൾ സെഡാൻ പതിപ്പിന് 30 ശതമാനം കൂടുതൽ ഡ്രൈവിങ് റേഞ്ച് ഉണ്ട്.

53 kWh, 77.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. 2,950 എം.എം വീൽബേസുള്ള കാറിന് 4,855 എം.എം നീളവും 1,880 എം.എം വീതിയുമുണ്ട്. 12 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂനിറ്റ് വഴിയാണ് വാഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും സാധ്യമാകുന്നത്.

ദക്ഷിണ കൊറിയക്കുശേഷം അമേരിക്കയിലാവും അയോണിക് 6 അവതരിപ്പിക്കുക. അയോണിക് 5 ക്രോസോവറും കിയയുടെ ഇ.വി 6 എസ്‌യുവിയും നിലവിൽ അമേരിക്കൻ വിപണിയിൽ ഹിറ്റാണ്. ടെസ്‌ല കാറുകൾക്ക് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇ.വിയായി ഹ്യുണ്ടായ് വാഹനങ്ങൾ മാറിയിട്ടുണ്ട്.


'ഞങ്ങൾ പഴയ (ബാറ്ററി) സെൽ കെമിസ്ട്രിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഒരു പാക്കിലെ ബാറ്ററികളുടെ എണ്ണം പരമാവധി വർധിപ്പിച്ചിട്ടുണ്ട്. ഇത് ഊർജ്ജ സാന്ദ്രത ഗണ്യമായി വർധിപ്പിക്കുന്നു'-ഹ്യുണ്ടായ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കിം യോങ് വാ പറഞ്ഞു.

ഹ്യുണ്ടായ് മോട്ടോറും അതിന്റെ സഹോദര കമ്പനിയായ കിയയും പ്രീമിയം ബ്രാൻഡായ ജെനസിസും 2030 ഓടെ 31ലധികം ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇങ്ങിനെ ആഗോള ഇ.വി വിപണിയുടെ 12 ശതമാനം തങ്ങളിലേക്കെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.


ടെസ്‌ലയുമായി മത്സരിക്കുന്നതിന്, ഹ്യുണ്ടായുടെ ഇ.വി ശ്രേണി നിലവിലുള്ള ക്രോസ്ഓവറുകൾക്കും എസ്‌.യു.വികൾക്കും അപ്പുറം വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഡസ്‌ട്രി ട്രാക്കർ എസ്‌.എൻ‌.ഇ റിസർച്ച് പറയുന്നതനുസരിച്ച്, ഈ വർഷം ജനുവരി-മെയ് കാലയളവിൽ ആഗോളതലത്തിൽ കയറ്റുമതി ചെയ്ത ഇവികളുടെ 13.5 ശതമാനവും ഹ്യൂണ്ടായും കിയയും ചേർന്നാണ്. ടെസ്‌ലയുടെ വിപണി വിഹിതം 22 ശതമാനമാണ്. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയെ ഒഴിവാക്കിയുള്ള വിവരമാണിത്.


അടുത്തവർഷം ആദ്യം മുതൽ അമേരിക്കയിൽ പുതിയ ഇ.വിയുടെ വിൽപ്പന ആരംഭിക്കും. ഇന്ത്യയിലേക്ക് വാഹനം എന്ന് എത്തിക്കുമെന്ന സൂചനയൊന്നും ഹ്യുണ്ടായ് നൽകിയിട്ടില്ല. 

Tags:    
News Summary - Hyundai Unveils Ioniq 6 In Push To Challenge Tesla And Dominate Global Ev Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.