മേഡ് ഇൻ ഇന്ത്യ ഇലക്ട്രിക് എസ്.യു.വിയുമായി പ്രവേഗ് ഡൈനാമിക്സ്; റേഞ്ച് 500 കിലോമീറ്റർ

ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ പ്രവേഗ് ഡൈനാമിക്‌സ് തങ്ങളുടെ ആദ്യത്തെ മെയിഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രവേഗ് ഡിഫൈ എന്ന് പേരിട്ടിരിക്കുന്ന എസ്‍.യു.വിക്ക് 500 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും നിർമിക്കുകയും ചെയ്ത വാഹനത്തിന്റെ വില 39.5 ലക്ഷം (എക്‌സ് ഷോറൂം) രൂപയാണ്.

ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് കാര്‍ ആണ് ഡിഫൈ എസ്‍.യു.വി. 51,000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് ഡിഫൈ ഇപ്പോള്‍ ബുക്ക് ചെയ്യാം. 2023 ഏപ്രിലിൽ ഡെലിവറി ആരംഭിക്കും. പരമ്പരാഗത രൂപമുള്ള വാഹനമല്ല ഡിഫൈ. ഒറ്റ നോട്ടത്തിൽ അന്യഗൃഹത്തിൽനിന്ന് വന്നതാണെന്ന് തോന്നുന്ന രൂപമാണ് ഈ എസ്.യു.വിക്ക്. റേഞ്ച് റോവർ എസ്.യു.വികളോട് സാമ്യമുള്ള ചില സ്റ്റൈലിംഗ് ബിറ്റുകൾ ഉണ്ട്.

പ്രീമിയം ഇലക്ട്രിക് എസ്.യുവി സെഗ്‌മെന്റില്‍ പുറത്തിറക്കിയിരിക്കുന്ന വാഹനത്തിന്റെ എതിരാളികള്‍ ബി.എം.ഡബ്യു ഐ.എക്‌സ്, കിയ ഇ.വി6, മെഴ്‌സിഡിയസ് ബെന്‍സ് ഇ.ക്യു.സി എന്നിവയാണ്. ഡിഫൈ എസ്.യുവിയുടെ ഇന്റീരിയറിലെ പ്രധാന ആകർഷണം വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ആണ്. ഉടമക്ക് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും 5G കണക്റ്റിവിറ്റി വഴി നാവിഗേഷൻ സ്‌ക്രീനായി ഉപയോഗിക്കാനും കഴിയും. ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വഴി കൂടുതൽ ഗെയിമുകൾ ചേർക്കാനുള്ള ഓപ്‌ഷനോടുകൂടിയ ഓൺ-ബോർഡ് ഗെയിമിങും കമ്പനി വാഗ്ദാനം ചെയ്യുന്നു.


സീറ്റുകൾക്ക് സിക്‌സ്-വേ പവർ അഡ്‍ജസ്റ്റ്‌മെന്റും വെന്റിലേഷനും ലഭിക്കും. 10 ഇഞ്ച് സ്‌ക്രീൻ ഉപയോഗിച്ചാണ് ഇൻസ്ട്രുമെന്റേഷൻ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കപ്പെടുന്നത്. ഫ്രഞ്ച് ഓഡിയോ ബ്രാൻഡായ ഡിവൈലേറ്റിന്റെ 3D സിസ്റ്റവും എസ്.യു.വിയിലുണ്ട്.

അഡാപ്റ്റീവ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, 360-ഡിഗ്രി കാമറ സജ്ജീകരണം, 77GHz സോളിഡ് സ്റ്റേറ്റ് റഡാർ എന്നിവയും ലഭിക്കും. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം ആറ് എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.


പ്രവേഗ് ഡിഫൈക്ക് ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റ്-അപ്പ് ലഭിക്കും. ഇത് 407 എച്ച്‌പിയും 620 എൻഎമ്മും സൃഷ്ടിക്കുന്നു. ജാഗ്വാർ ഐപേസ്, ഔഡി ഇ-ട്രോൺ, മെഴ്‌സിഡസ് ബെൻസ് ഇക്യുസി തുടങ്ങിയ എസ്.യു.വികൾക്ക് സമാനമാണിത്. ബാറ്ററി കപ്പാസിറ്റി 90.9kWh ആണ്. ഇത് 500 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്നും കമ്പനി പറയുന്നു.

വീട്ടിലിരുന്നോ ഫാസ്റ്റ് ചാർജർ വഴിയോ ഡിഫൈ ചാർജ് ചെയ്യാം. ഓപ്‌ഷണൽ 7.2kW ഹോം ചാർജറും കമ്പനി നൽകും. ഏകദേശം എട്ട് മണിക്കൂറിൽ 300 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കുന്ന തരത്തിൽ ചാർജ് ചെയ്യാനാകും.. 150kW DC ചാർജിംഗ് സെറ്റ്-അപ്പ് ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാം. ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളുമായി സഹകരിക്കാനുള്ള പ്രക്രിയയിലാണ് കമ്പനി. 

Tags:    
News Summary - India's Pravaig unveils Defy electric SUV. Check out all features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.