കഴിഞ്ഞ ദിവസമാണ് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് തന്‍റെ ഫേസ്ബുക്കിൽ ഒരു പ്രത്യേക പോസ്റ്റിട്ടത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന തന്‍റെ വാഹനത്തിൽ ഇടിച്ചിട്ട് പോയ ആളെ അന്വേഷിച്ചുള്ള പോസ്റ്റായിരുന്നു അത്. കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ തന്‍റെ ഭാര്യവീടിന്‍റെ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ആരോ ഇടിച്ചിട്ട് പോയെന്നായിരുന്നു ജൂഡ് പറഞ്ഞത്. കാറിന്‍റെ ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
'ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ്. ഇല്ലേലും സാരമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ? എന്‍റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത' എന്നായിരുന്നു ജൂഡ് കുറിച്ചത്. പോസ്റ്റ് വൈറലായതോടെ ധാരാളംപേർ ജൂഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
വാഹനം പാർക്ക് ചെയ്തത് ശരിയായില്ലെന്നായിരുന്നു വിമർശകർ പ്രധാനമായും ഉന്നയിച്ചത്. അവസാനം ജൂഡിന്‍റെ പോസ്റ്റ് ഫലംകണ്ടു. വാഹനത്തിൽ ഇടിച്ചിട്ട് പോയ ആൾ നേരിട്ട് ജൂഡിനെ കാണാനെത്തുകയായിരുന്നു. രോഹിത് എന്നാണ് ഈ യുവാവിന്‍റെ പേര്. രാത്രിയിൽ താന്‍ വാഹനവുമായി വരുമ്പോള്‍ റോഡിന് കുറുകെ പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്. ഇദ്ദേഹവുമായുള്ള ലൈവും ജൂഡ് പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.