പ്രതീകാത്മക ചിത്രം

ഗ്രാമീണറൂട്ടുകളില്‍ കൂടുതൽ സര്‍വീസ്; 305 മിനി ബസുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാര്‍ഥം കൂടുതല്‍ മിനി ബസുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് കെ.എസ്.ആര്‍.ടി.സി. യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളില്‍ സര്‍വീസ് നടത്താനായി രണ്ട് വാതിലുള്ള 305 മിനി ബസുകളാണ് വാങ്ങുന്നത്. പുതിയ മിനി ബസുകള്‍ക്കായി ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ കൊടുത്തിരിക്കുന്നത്. കൂടുതല്‍ മൈലേജ് കിട്ടുമെന്നതിനാല്‍ ഡീസല്‍ ചെലവ് കുറവാണെന്നതാണ് മിനി ബസുകളുടെ മേന്മ. ഒക്ടോബറില്‍ ബസുകള്‍ എത്തും.

33 സീറ്റുള്ള ബസുകളാണ് ടാറ്റയില്‍നിന്ന് വാങ്ങുന്നത്. അശോക് ലൈലാന്‍ഡില്‍നിന്ന് 36 സീറ്റുള്ള ബസും ഐഷറില്‍നിന്ന് 28 സീറ്റുള്ള ബസുമാണ് വാങ്ങും. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസ് ഓടിക്കും. വലിയ ബസുകള്‍ക്ക് ഓടാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് വാഹനം ഓടിക്കുക. ഇത്തരം റൂട്ടുകള്‍ കണ്ടെത്താന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശമുണ്ട്.

മുമ്പ് മിനി ബസുകള്‍ വാങ്ങി സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാതെ കൈപൊള്ളിയ അനുഭവമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. വാങ്ങിയ ബസുകള്‍ എല്ലാം പരിപാലനച്ചെലവ് കാരണം കോര്‍പ്പറേഷന് ബാധ്യതയായി മാറിയിരുന്നു. എട്ടുവര്‍ഷം കഴിഞ്ഞ് ബസുകള്‍ പിന്‍വലിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് വീണ്ടും മിനി ബസുകള്‍ വാങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. കെ.എസ്.ആര്‍.ടി.സി. മിനി ബസ് വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചത് ബന്ധപ്പെട്ട സമിതിയുടെ പഠനം പൂര്‍ത്തിയാക്കാതെയാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

അംഗീകൃത തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ക്കുന്നുണ്ടെങ്കിലും മിനി ബസ് വാങ്ങലുമായി മാനേജ്മെന്റ് മുന്നോട്ടുപോകുകയാണ്. മുമ്പൊരിക്കല്‍ പരാജയപ്പെട്ട പദ്ധതിയുമായി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തുന്നുവെന്നതാണ് വിമര്‍ശനത്തിന് കാരണം. പൊതുവിപണിയില്‍ സ്വീകാര്യത നേടാത്ത ചില കമ്പനികളുടെ ബസ് മോഡലുകളോടാണ് കെ.എസ്.ആര്‍.ടി.സിക്ക് താത്പര്യമെന്നും ആരോപണമുണ്ട്.

Tags:    
News Summary - KSRTC to buy 305 mini buses to increase services in rural route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.